സ്ഥിതി ആശങ്കാജനകം, ; സൈന്യം വരണമെന്ന് കെജ്‍രിവാള്‍; സൈന്യത്തെ വിളിക്കില്ലെന്ന് കേന്ദ്രം

single-img
26 February 2020

ഡൽഹി: രാജ്യതലസ്ഥാനത്ത് പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. അനൗദ്യോ​ഗിക കണക്കുകളനുസരിച്ച് മരണസംഖ്യ 30 കടന്നതായാണ് ഇ വാർത്തക്ക് ലഭിക്കുന്ന വിവരം. ഡൽഹിയിൽ കലാപം ആശങ്കാജനകമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പ്രതികരിച്ചു. കലാപം തുടരുന്ന ഡൽഹിയില്‍ പോലീസിന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നാണ് കെജ്‍രിവാള്‍ ട്വീറ്റ് ചെയ്‍തിരിക്കുന്നത്. അക്രമം തുടരുന്നതിനാല്‍ സൈന്യത്തെ വിളിക്കണമെന്നും കെജ്‍രിവാള്‍ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇതുസംബന്ധിച്ച് കത്ത് നൽകുമെന്നും കെജ്‍രിവാള്‍ അറിയിച്ചിരുന്നു.

എന്നാല്‍ കലാപം തുടരുന്ന ദില്ലിയില്‍ സൈന്യത്തെ വിളിക്കണമെന്ന അരവിന്ദ് കെജ്‍രിവാളിന്‍റെ ആവശ്യം കേന്ദ്രം തള്ളി.ഡൽഹിയിൽ നടക്കുന്ന കലാപം ആസൂത്രിതമാണെന്ന് കരുതുന്നില്ലെന്നും പെട്ടെന്നുണ്ടായ ചില അക്രമസംഭവങ്ങൾ മാത്രമാണ് നടന്നതെന്നും, ഇന്നലെ രാത്രി ചേർന്ന അവലോകനയോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. സ്ഥിതി നിയന്ത്രണവിധേയമെന്നാണ് വടക്കുകിഴക്കന്‍ ഡൽഹി ഡിസിപി പറയുന്നത്. ആവശ്യത്തിന് പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അക്രമത്തിനെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്നും ഡിസിപി പറഞ്ഞു.

സ്ഥിതി നിയന്ത്രണ വിധേയമെന്ന് ഉദ്യോഗസ്ഥര്‍ പറയുമ്പോഴും വർഗീയകലാപം പലയിടത്തും ഇനിയും കെട്ടടങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. രണ്ട് ദിവസം മുമ്പ് രണ്ട് തവണ തീ വച്ച ഗോകുൽപുരിയിലെ ടയർമാർക്കറ്റ് ഇന്ന് വീണ്ടും അക്രമികൾ അഗ്നിക്ക് ഇരയാക്കി. കൃത്യമായ തരത്തിൽ ഡൽഹി പൊലീസും കേന്ദ്രസേനയും തമ്മിൽ സംയുക്തമായി ഒരു പദ്ധതിയോടെ പ്രവർത്തിക്കുന്നില്ല എന്ന സംശയമുയർത്തുന്നതാണ് ഗോകുൽപുരിയിലെ ഈ തീവെപ്പ്. സംഘർഷം വ്യാപിക്കുന്ന നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. വടക്കു കിഴക്കൻ ഡൽഹിയിൽ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേ സമയം ഡല്‍ഹി കലാപത്തിൽ അക്രമികള്‍ക്കെതിരെ നടപടി വൈകരുതെന്ന് ഡൽഹി ഹൈക്കോടതി. കോടതി ഉത്തരവിനായി കാത്തുനില്‍ക്കേണ്ട, നിയമപ്രകാരം വേണ്ടത് ചെയ്യണം. നടപടികള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നേരിട്ടെത്തി അറിയിക്കാനും കോടതി ഉത്തരവിട്ടു.