ഡല്‍ഹി കലാപത്തിൽ മരണം 13 ആയി ; ഹിന്ദു-മുസ്ലീം ഐക്യ റാലി നടത്തി ജനങ്ങള്‍

single-img
26 February 2020

പൗരത്വ സമരവുമായി ബന്ധപ്പെട്ട് വടക്ക് കിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപം രൂക്ഷമായി തുടരുന്നു.പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. പരുക്കേറ്റത് 48 പോലീസുകാരടക്കം 180 പേർക്ക്. ദില്ലിയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ കലാപം പൊട്ടിപുറപ്പെട്ട സ്ഥലങ്ങളിലെല്ലാം പോലീസ് കാഴ്ചക്കാരാവുകയായിരുന്നു. സ്ഥിതിഗതികള്‍ ഇത്രത്തോളം വഷളായിട്ടും നിയന്ത്രിക്കാനുള്ള കാര്യക്ഷമമായ ഇടപെടല്‍ കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം കഴിഞ്ഞ് മണിക്കൂറുകല്‍ പിന്നിട്ട ശേഷമാണ് കലാപസ്ഥലങ്ങളില്‍ കേന്ദ്രസേനയെത്തിയത്.

രാജ്യതലസ്ഥാനത്ത് കലാപം പടരുന്നതിനിടെ ഹിന്ദു-മുസ്ലീം ഐക്യ റാലി. ഹം സബ് ഏക് ഹേ, ഹിന്ദു മുസ്ലീം ഏക് ഹേ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു റാലി നടന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ റാലിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നുണ്ട്.

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ക്രമസമാധാന ചുമതലയുള്ള സ്പെഷൽ കമ്മിഷണറായി എസ്.എൻ.ശ്രീവാസ്തവയെ നിയമിച്ചു. സംഘർഷം വ്യാപിക്കുന്ന നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. വടക്കു കിഴക്കൻ ഡൽഹിയിൽ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. സംഘർഷത്തിനിടെ മാധ്യമ പ്രവർ‌ത്തകർക്കും പരുക്കേറ്റു. ദേശീയ മാധ്യമമായ എൻഡിടിവിയുടെ മൂന്ന് റിപ്പോർട്ടർമാർക്കും ഒരു ക്യാമറാമാനും കലാപകാരികൾ നടത്തിയ അക്രമത്തിൽ പരുക്കേറ്റു.