ഡൽഹിയിൽ മുസ്ലീം കുടുംബത്തെ കൂട്ടത്തോടെ കത്തിക്കുന്നതിൽ നിന്നും രക്ഷിച്ച് ബിജെപി കൗൺസിലർ

single-img
26 February 2020

വടക്കുകിഴക്കൻ ഡൽഹിയിൽ വർഗീയ സംഘട്ടനങ്ങൾ ഇടതടവില്ലാതെ അരങ്ങേറുമ്പോൾ ഒരു മുസ്ലീം കുടുംബത്തെയും അവരുടെ വീടിനെയും അക്രമാസക്തമായ ജനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുത്തി ബിജെപി കൗൺസിലർ. യമുന വിഹാറിലെ പ്രാദേശിക ബിജെപി വാർഡ് കൗൺസിലറാണ് ഒരു മുസ്ലീം കുടുംബത്തിൻ്റെ സഹായത്തിനെത്തിയത്. 150 ഓളം വരുന്ന അക്രമികൾ ആക്രമിക്കാനൊരുങ്ങിയ കുടുംബത്തെ രക്ഷിക്കുകയായിരുന്നു കൗൺസിലർ. വീട് തീകൊളുത്താൻ ശ്രമിക്കുന്നതിനിടയിലാണ് കൗൺസിലറുടെ ഇടപെടലെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

അക്രമത്തിനിരയായ കുടുംബത്തിലെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു കുടുംബാംഗമാണ് ഇന്ത്യ ടുഡേയോട് ഈ സംഭവത്തെക്കുറിച്ച്  സംസാരിച്ചത്. ‘ജയ് ശ്രീ റാം’ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് അക്രമികൾ എത്തിയത്. റോഡുകളിൽ പൊലീസുകാരുടെ സാന്നിധ്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചു കൊണ്ടായിരുന്നു അക്രമിസംഘം മുന്നേറിയത്. 

മുസ്ലീങ്ങൾ അധികമായി താമസിക്കുന്ന സ്ഥലത്തേക്കായിരുന്നു അവരുടെകടന്നുവരവ്. അക്രമിസംഘം തൻ്റെ വീടിനു സമീപം എത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ഒരു കട അഗ്നിക്കിരയാക്കി. വീട്ടിലെ ഒരു  ഒരു ഒരു കാറും മോട്ടോർ ബൈക്കും ജനക്കൂട്ടം കത്തിച്ചു. ഗ്യാരേജിൽ ഒതുക്കിയിട്ടിരിക്കുകയായിരുന്ന കാറും മോട്ടോർ ബൈക്കും വലിച്ചു പുറത്തിട്ടു കത്തിക്കുകയായിരുന്നു. 

തൻ്റെ വീടിൻ്റെ ഒരു ഭാഗത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബത്തിൻ്റെ കടയ്ക്കും അക്രമിസംഘം കേടുപാടുകൾ വരുത്തിയതായി അദ്ദേഹം പറഞ്ഞു.  കുറഞ്ഞത് 20 ലക്ഷം രൂപയെങ്കിലും നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 

അക്രമി സംഘം വീണ്ടും അക്രമങ്ങളിലേക്ക് തിരിയാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രാദേശിക ബിജെപി വാർഡ് കൗൺസിലറും – കുടുംബത്തിൻ്റെ ദീർഘകാല സുഹൃത്തുമായ വ്യക്തി രക്ഷാപ്രവർത്തനത്തിന് എത്തിയത്. അദ്ദേഹം ഇടപെട്ട് ജനക്കൂട്ടത്തിനോ അവരുടെ സ്വത്തിനോ കൂടുതൽ നാശമുണ്ടാക്കുന്നത് തടയുകയായിരുന്നു. അക്രമിസംഘം പിന്മാറിയതോടെ രണ്ടുമാസം പ്രായമുള്ള ഒരു കുഞ്ഞടക്കം കുടുംബം സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ ബിജെപി വാർഡ് കൗൺസിലറാണ് ഞങ്ങളുടെ വീടിന് തീയിടുന്നതിൽ നിന്ന് ജനക്കൂട്ടത്തെ തടഞ്ഞുനിർത്തിയതെന്നും അദ്ദേഹം പറഞ്ഞു.