നിഷ്പക്ഷതയ്ക്ക് എതിര്; മോദിയെ പ്രശംസിച്ച ജസ്റ്റിസ് അരുണ്‍ മിശ്രയ്ക്കെതിരെ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രമേയം

single-img
26 February 2020

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ഇന്‍റര്‍നാഷണല്‍ ജുഡീഷ്യല്‍ കോണ്‍ഫറന്‍സിന്‍റെ ഉദ്ഘാടന ചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വേദിയിലിരുത്തി പ്രശംസിച്ച സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്രയ്ക്കെതിരെ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കി.

സുപ്രീംകോടതിയില്‍ ചുമതല വഹിക്കുന്ന ജഡ്‍ജിമാര്‍ പാലിക്കേണ്ട നിഷ്പക്ഷതയുടെ ലംഘനമാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടേതെന്ന് ബാര്‍ അസോസിയേഷന്‍ പാസാക്കിയ പ്രമേയത്തില്‍ ആരോപിക്കുന്നു. രാജ്യത്തിന്റെ നിതീന്യായവ്യവസ്ഥ പാലിക്കേണ്ടുന്ന നിഷ്പക്ഷതയ്ക്ക് എതിരാണ് ജസ്റ്റിസ് മിശ്രയുടെ പരാമര്‍ശങ്ങള്‍. സ്വതന്ത്രമായതും നിഷ്‍പക്ഷവുമായ ജുഡീഷ്യറിയാണ് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനം.

അത്തരത്തിലുള്ള സ്വാതന്ത്ര്യവും നിഷ്പക്ഷതയും തികഞ്ഞ അന്തസോടെ ഉയര്‍ത്തി പിടിക്കേണ്ട ബാധ്യത സുപ്രീംകോടതി ജഡ്‍ജിമാര്‍ക്കുണ്ടാവേണ്ടതുണ്ട്. ഭരണകൂടത്തോട് ഒരു പരിധി വിട്ട സൗഹൃദമോ വിധേയത്വമോ പാലിക്കേണ്ട ബാധ്യത സുപ്രീംകോടതിക്കില്ല. ജസ്റ്റിസ് മിശ്രയെ ശക്തമായി വിമര്‍ശിച്ചു കൊണ്ട് ബാര്‍ അസോസിയേഷന്‍ പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, ചീഫ് ജസ്റ്റിസ് എസ്എ ബോബ്‍ഡെ എന്നിവര്‍ക്കൊപ്പമാണ് ദില്ലിയില്‍ നടന്ന ഇന്‍റര്‍നാഷണല്‍ ജഡ്‍ജസ് കോണ്‍ഫറന്‍സില്‍ ജസ്റ്റിസ് ദീപക് മിശ്ര വേദി പങ്കിട്ടത്.

ചടങ്ങിനൊടുവില്‍ നന്ദി പ്രസംഗം നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചു കൊണ്ട് മിശ്ര സംസാരിച്ചത്. രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ബഹുമുഖ പ്രതിഭയാണെന്നും എല്ലാ കാര്യങ്ങളും ആഗോള കാഴ്‍ചപ്പാടിലൂടെ ചെയ്യുന്നത് അദ്ദേഹത്തിന്‍റെ സവിശേഷതയാണെന്നുമാണ് ദീപക് മിശ്ര പറഞ്ഞത്.

നിലവില്‍ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍റെ സെക്രട്ടറി അശോക് അറോറ പ്രമേയത്തില്‍ ഒപ്പിട്ടിട്ടില്ല. അതേപോലെ എക്സിക്യൂട്ടീവ് മെംബര്‍മാരായ അഡ്വ. പ്രേരണ കുമാരി, അല്‍ക്ക അഗര്‍വാള്‍ എന്നിവര്‍ പ്രമേയം പാസാക്കുന്നതിനെ എതിര്‍ക്കുകയും ചെയ്തു.