കുരങ്ങുപനി: വയനാട് ജില്ലയിൽ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍

single-img
25 February 2020

വയനാട് ജില്ലയിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ ജില്ലയിൽ കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം ഒമ്പതായി ഉയര്‍ന്നു. അടിയന്തിരമായ ഈ സാഹചര്യത്തില്‍ കുരങ്ങുപനിക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ള അറ‌ിയിച്ചു. സമാനമായി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഏഴ് പേർക്കായിരുന്നു പനി ബാധിച്ചത്. ആ സമയം രണ്ടു പേര്‍ മരിക്കുകയും ചെയ്തിരുന്നു.ജില്ലയിലെ വനത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളിലും പട്ടിക വര്‍ഗ്ഗ സങ്കേതങ്ങളിലും താമസിക്കുന്നവര്‍ക്കുണ്ടാകുന്ന പനി കരുതലോടെ കാണണം.

പനി ഉൾപ്പെടെയുള്ള മറ്റ് അസുഖങ്ങളുടെ വിവരങ്ങള്‍ എന്നിവ അടിയന്തിരമായി ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കണം. സർക്കാർ നിയമിച്ചിട്ടുള്ള ട്രൈബല്‍ പ്രമോട്ടര്‍മാരും ഇക്കാര്യത്തില്‍ ശ്രദ്ധ പുലർത്തണമെന്നും ആരോഗ്യ കേന്ദ്രങ്ങള്‍ അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സ നല്‍കാന്‍ സജ്ജമായിരിക്കണമെന്നും ജില്ലാ കലക്ടർ പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു. അതേപോലെ തന്നെ വനത്തിനുള്ളില്‍ ജോലിക്ക് പോകുന്നവരും വനവിഭവങ്ങള്‍ ശേഖരിക്കുന്നവരും പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കുരങ്ങുപനി പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ കലക്ട്രേറ്റിൽ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. വയനാടുമായി അതിര്‍ത്തി പങ്കിടുന്ന അയൽ സംസ്ഥാനങ്ങളിലെ ജില്ലാ കളക്ടര്‍മാരുടേയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കും. ജില്ലയിൽ എവിടെയും കുരങ്ങ് ചത്ത് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാലുടന്‍ വിവരം അധികൃതരെ അറിയിക്കണം. കണ്‍ട്രോള്‍ റൂം നമ്പര്‍ 04936 204151 ടോള്‍ ഫ്രീ 1077.