നരേന്ദ്രമോദി ശക്തനായ ഭരണാധികാരി; കാശ്മീർ വിഷയത്തിൽ മധ്യസ്ഥത ആവശ്യമെങ്കിൽ തയ്യാർ: ഡോണാൾഡ് ട്രംപ്

single-img
25 February 2020

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മികച്ച നേതാവാണെന്നും ശക്തനായ ഭരണാധികാരിയാണെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. തന്റെ ഈ സന്ദർശനത്തിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യ-പാക് ബന്ധം ചര്‍ച്ചയായെന്നും കാശ്മീർ വിഷയത്തിൽ മധ്യസ്ഥത ആവശ്യമെങ്കിൽ അതിന് തയ്യാറാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയുടേയും പാകിസ്ഥാന്റെയും ഇടയിലുള്ള മുള്ളാണ് കാശ്മീരെന്നും ട്രംപ് പറഞ്ഞു.തന്റെ ഇന്ത്യ സന്ദര്‍ശനം മികച്ച അനുഭവമായിരുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്‍റെ വാര്‍ത്താസമ്മേളനം.

ചൈനയിൽ നിന്നും ഉത്ഭവിച്ച കോവിഡ് ഭീതി മുതൽ മതമൈത്രി വരെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ വിഷയമായെന്നാണ് ട്രംപിന്‍റെ വിശദീകരണം. അതേസമയം ഇന്ത്യയിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ട്രംപ് ഒഴിഞ്ഞുമാറി. പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ് എന്നും മത മൈത്രി കൂടിക്കാഴ്ചക്കിടെ കടന്ന് വന്നെന്നും മതസ്വാതന്ത്ര്യം അടക്കമുള്ള കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു വരുത്തുന്നുണ്ടെന്നുമാണ് അഭിപ്രായമെന്ന് ട്രംപ് പറഞ്ഞു.

അതേപോലെ തന്നെ ഇന്ത്യയിലെ മുസ്ലിങ്ങളോട് വിവേചനമില്ലെന്ന് മോദി പറഞ്ഞു എന്ന് ട്രംപ് വിശദീകരിച്ചു.നിലവിൽ 20 കോടി മുസ്ലീങ്ങളാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്ന ഭരണാധികാരിയാണ് മോദിയെന്നും ട്രംപ് അഭിപ്രായപ്പെട്ടു.