പോര് മുറുകുന്നു: ‘കസേരയുടെ മഹത്വം കാണിക്കുന്നത് കൊണ്ടാണ് എല്ലാം തുറന്ന് പറയാത്തത്’; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെമാൽ പാഷ

single-img
25 February 2020

കൊച്ചി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ വിമർശനത്തിന് മറുപടിയുമായി ജസ്റ്റിസ് കെമാൽ പാഷ. ഇരുന്ന പദവിയുടെ മഹത്വം കാണിക്കുന്നത് കൊണ്ടാണ് എല്ലാം തുറന്ന് പറയാത്തതെന്ന് കെമാൽ പാഷ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതികരിച്ചു.മുൻ ന്യായാധിപൻ ജമാ അത്തെ ഇസ്‌ലാമിയുടെ നാവായി മാറുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്കെതിരെയാണ് ജസ്റ്റിസ് കെമാല്‍ പാഷയുടെ മറുപടി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്ക് ഒപ്പമാണെന്ന് പറയുകയും നിയമത്തെ അനുകൂലിക്കുന്നവരെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ആഭ്യന്തര വകുപ്പിനെ വിമർശിക്കുന്നതാകാം മുഖ്യമന്ത്രിയുടെ പരാമർശത്തിന് കാരണം എന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. ഒരു മുസ്ലീം സംഘടനകളുമായി തനിക്ക് ബന്ധമില്ലെന്ന് കെമാൽ പാഷ കൂട്ടിച്ചേർത്തു.

നേരത്തെ ജമാ അത്തെ ഇസ്‌ലാമിയുടെ നാവായി ഒരു ന്യായാധിപൻ മാറിയെന്നാണ് മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നത്. പേരെടുത്ത് പറയാതെ ആയിരുന്നു മുഖമന്ത്രിയുടെ പരാമർശം. ഇരുന്ന സ്ഥാനത്തിന്റെ വലിപ്പം അറിയാതെയാണ് ന്യായാധിപന്‍റെ പെരുമാറ്റം. ജമാ അത്തെ ഇസ്‌ലാമിയെയും എസ്ഡിപിഐയെയും കുറിച്ച് പറയുമ്പോൾ പഴയ ന്യായാധിപന് എന്തിനാണ് ഇത്ര പൊള്ളലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട് സർക്കാർ നയത്തെകുറിച്ചു തെറ്റിധാരണ പരത്തി. താന്‍ പറയാത്ത വാക്കുകൾ തന്‍റെ നാവിൽ വയ്ക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു.

നേരത്തെ തന്നെ സർക്കാരുയായുള്ള അസ്വാരസ്യങ്ങൾക്കു പിന്നാലെ കെമാൽ പാഷയ്ക്ക് നല്‍കിയിരുന്ന സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.സര്‍ക്കാരിനെ വിമര്‍ശിച്ചതിലുള്ള പ്രതികാര നടപടിയായിട്ടാണ് തന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിച്ചതെന്ന് ജസ്റ്റില്‍ കെമാല്‍ പാഷ അന്ന് പ്രതികരിച്ചിരുന്നത്.

വാളയാര്‍ കേസിലെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നീതി കിട്ടാത്ത വിഷയത്തില്‍ ഞാന്‍ വലിയ വിമര്‍ശനം നടത്തിയിരുന്നു.കേസ് അന്വേഷിച്ച ഒരു ഡിവൈഎസ്പി ഒന്‍പത് വയസുള്ള പെണ്‍കുട്ടിയുടെ സമ്മതതോടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്നു പറഞ്ഞു ആ ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്നും പുറത്താക്കണമെന്നും ഞാന്‍ പറഞ്ഞു. അതൊക്കെ അവര്‍ക്ക് വിഷമമുണ്ടാക്കി കാണും. പിന്നീട് മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന സംഭവത്തിലും താന്‍ സര്‍ക്കാരിനേയും പൊലീസിനേയും വിമര്‍ശിച്ചിരുന്നു. ഏറ്റവും ഒടുവില്‍ സിനിമ രംഗത്തെ ലഹരി മരുന്ന് ഉപഭോഗത്തിന്‍റെ പേരില്‍ നിയമ-സാംസ്കാരിക മന്ത്രി എകെ ബാലനെതിരേയും വിമര്‍ശനം നടത്തിയിരുന്നു. ഇതിനൊക്കെയുള്ള പ്രതികാരമാവാം സര്‍ക്കാര്‍ നടപടിയെന്നായിരുന്നു സുരക്ഷ പിന്‍വലിച്ച സർക്കാർ നടപടിയിൽ കെമാല്‍ പാഷ പറഞ്ഞത്.