രാജ്യത്തെ ടെലികോം മേഖല കടന്ന് പോകുന്നത് വന്‍ പ്രതിസന്ധിയിലൂടെ; ആകെ കടം 8 ലക്ഷം; നേട്ടമുണ്ടാക്കിയത് ജിയോ മാത്രം

single-img
25 February 2020

ഇന്ത്യയിൽ ടെലികോം മേഖല വന്‍ പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. രാജ്യത്തെ ടെലികോം വ്യവസായത്തിന്റെ വരുമാനത്തില്‍ 9 ശതമാനം വര്‍ദ്ധനയുണ്ടായെങ്കിലും എജിആര്‍ വന്നതോടെ മിക്ക കമ്പനികളും വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. നിലവിൽ മൂന്നാം പാദത്തില്‍ മൂന്ന് കമ്പനികള്‍ നിരക്കുകള്‍ കൂട്ടിയതോടെ ടെലികോം വിപണിയിലെ വരുമാനം നേരിയ തോതില്‍ വര്‍ദ്ധിച്ചു.

അതേസമയം ടെലികോം വിപണിയുടെ ഇതുവരെയുള്ള അകെ കടം ഏകദേശം 8 ലക്ഷം കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. അടിയന്തിരമായി ടെലികോം വിപണിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ പൂട്ടേണ്ടിവരുമെന്ന് ചില കമ്പനികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ലയിച്ചെങ്കിലും വോഡഫോണ്‍ ഐഡിയ വന്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

ലയനശേഷം വരുമാന വളര്‍ച്ചയുടെ കാര്യത്തില്‍, മൂന്നാം പാദത്തില്‍ വോഡഫോണ്‍ ഐഡിയ 5 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയപ്പോള്‍ ജിയോയും എയര്‍ടെലും താരതമ്യേന 10.3 ശതമാനവും 9.5 ശതമാനവും വളര്‍ച്ച നേടി. കാര്യമായ നേട്ടമുണ്ടാക്കിയിരിക്കുന്നത് ജിയോയാണ്. ഇന്ത്യയിലെ മുന്‍നിര ടെലികോം കമ്പനികളെ എല്ലാം കീഴടക്കി കഴിഞ്ഞ പാദത്തിലെ വരുമാനത്തിലും ജിയോ മുന്നിലെത്തി. ട്രായിയുടെ കണക്കുകള്‍ പ്രകാരം ജിയോയാണ് മുന്നില്‍ നില്‍ക്കുന്നത്.