ഡൽഹി കലാപം: കപില്‍ മിശ്രയുടെ പ്രസംഗം അംഗീകരിക്കാനാകില്ല: ബിജെപി എംപി ഗൗതം ഗംഭീര്‍

single-img
25 February 2020

ഡൽഹിയിൽ നടക്കുന്ന സംഘർഷങ്ങളിൽ ബിജെപി നേതാവ് കപില്‍ മിശ്രയെ തള്ളി ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ രംഗത്ത്. കപില്‍ മിശ്ര ചെയ്തത് പ്രകോപനപരമായ പ്രസംഗമാണെന്നും അത് അംഗീകരിക്കാനാകില്ലെന്നും ഗംഭീര്‍ പറഞ്ഞു.

”കപില്‍ മിശ്ര നടത്തിയ പ്രസംഗം അംഗീകരിക്കാനാകില്ല. അത് വളരെയധികം നിര്‍ഭാഗ്യകരമാണ്. ആരു ചെയ്തതായാലും ശക്തമായ നടപടി സ്വീകരിക്കണം , അങ്ങിനെ ചെയ്തത് ബിജെപിയിലെയോ ആംആദ്മിയിലെയോ കോണ്‍ഗ്രസിലെയോ നേതാവായാലും. ഇത് ഡല്‍ഹിയെക്കുറിച്ചാണ്, ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയെക്കുറിച്ചല്ല.” – ഗംഭീര്‍ പറഞ്ഞു.

”ഇതുവരെയ്ക്കും ഷഹീന്ബാഗ് സമാധാനമായി പ്രതിഷേധിച്ചിരുന്ന ഇടമായിരുന്നു. യുഎസ് പ്രസിഡ ന്റ് ട്രംപ് ഇവിടെ എത്തിയതോടെ അക്രമകരമായ പ്രതിഷേധം ആരംഭിച്ചു. അത് ഒട്ടും ശരിയല്ല. സമാധാനപരമായി നടക്കുന്ന പ്രതിഷേധം അംഗീകരിക്കാവുന്നതാണ്. പക്ഷെ കല്ലുകള്‍ കൊണ്ടുവരുന്നത് അംഗീകരിക്കാനാകില്ല.

ഒരു പോലീസുകാരനുമുന്നില്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് തോക്കുമായി നില്‍ക്കാനാവുക? ” ഗംതം ഗംഭീര്‍ ചോദിച്ചു. ഡൽഹിയിൽ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഗംഭീര്‍. ഇന്നലെയായിരുന്നു ബിജെപി നേതാവ് കപില്‍ മിശ്ര വിവാദ പ്രസ്താവന നടത്തിയത്.

ഡല്‍ഹിയിലെ പോലീസിന് മൂന്നുദിവസത്തെ സമയം നല്‍കുന്നെന്നും ട്രംപ് തിരിച്ചുപോയാല്‍ സിഎഎക്കെതിരെ സമരം ചെയ്യുന്നവരെ ഒഴിപ്പിക്കാന്‍ മുന്നിട്ടിറങ്ങുമെന്നായിരുന്നു കപില്‍ മിശ്രയുടെ ഭീഷണി. മാത്രമല്ല, കഴിഞ്ഞദിവസം പൗരത്വ നിയമത്തെ അനുകൂലിച്ച് റാലി നടത്തിയ കപില്‍ മിശ്രയുടെ സംഘം പ്രതിഷേധക്കാരുമായി ഏറ്റുമുട്ടിയിരുന്നു. സംഘർഷം ഉണ്ടാകുന്നതിന്റെ മൂന്നു മണിക്കൂര്‍ മുന്‍പ്, ജനങ്ങളോട് സംഘടിച്ച് ജഫ്രാബാദിന് മറുപടി നല്‍കാന്‍ മിശ്ര ട്വീറ്റ് ചെയ്തിരുന്നു.