‘പള്ളി തർക്കത്തിൽ വിധി പറഞ്ഞാൽ പച്ചയ്ക്ക് കത്തിക്കും’; വധഭീഷണി ഉണ്ടായതായി ജഡ്ജിയുടെ വെളിപ്പെടുത്തൽ

single-img
25 February 2020

കൊച്ചി: കോതമംഗലം പള്ളി ഏറ്റെടുക്കുന്നതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചാൽ ജഡ്ജിയെ വധിക്കുമെന്ന് ഭീഷണി. തന്നെ പച്ചയ്ക്ക് കത്തിക്കുമെന്ന് ഭീഷണിക്കത്ത് ലഭിച്ചതായി ജഡ്ജി തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഓർത്തഡോക്സ് വിശ്വാസികൾ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് പി.ബി. സുരേഷ് കുമാറാണ് തനിക്ക് ഭീഷണിക്കത്ത് ലഭിച്ച വിവരം വെളിപ്പെടുത്തിയത്. കത്ത് റജിസ്ട്രിക്ക് കൈമാറിയതായി അദ്ദേഹം അറിയിച്ചു.

അതേ സമയം കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കളക്ടറെ ഹൈക്കോടതി വിളിച്ചു വരുത്തി ശാസിച്ചു. കോതമംഗലം പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാൻ സ്വീകരിച്ച നടപടി നേരിട്ടെത്തി വിശദീകരിക്കാൻ ജില്ലാ കളക്ടർ സുഹാസിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇന്ന് സിംഗിൾ ബെഞ്ച് ഹർജി പരിഗണിച്ചപ്പോൾ കളക്ടർ ഹാജരായിരുന്നില്ല. ഇതോടെയാണ് അഞ്ച് മിനിറ്റിനകം കളക്ടർ ഹാജരാകണമെന്നും ഹാജരായില്ലെങ്കിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കേണ്ടി വരുമെന്നും ജസ്റ്റിസ് പി ബി സുരേഷ് കുമാർ മുന്നറിയിപ്പ് നൽകി. കോടതി വിമര്‍ശനത്തിന് പിന്നാലെ ജില്ലാ കളക്ടർ നേരിട്ടെത്തി.കേസ് എടുക്കുമ്പോൾ കലക്ടറെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് അറ്റോർണിയും കോടതിയിൽ ഇല്ലാതിരുന്നതാണ് ജഡ്ജിയെ കൂടുതൽ പ്രകോപിപ്പിച്ചത്.

ഉദ്യോഗസ്ഥർ ഉത്തരവ് നടപ്പാക്കിയില്ലങ്കിൽ കളക്ടറെ ജയിലിൽ അടക്കുകയോ അല്ലെങ്കിൽ വിധി നടപ്പാക്കാൻ മറ്റ് മാർഗങ്ങൾ തേടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. പല പള്ളികളിൽ ഉത്തരവ് നടപ്പാക്കേണ്ടതിനാലാണ് കാലതാമസമുണ്ടാകുന്നതെന്നും രണ്ട് മാസത്തിനകം വിധി നടപ്പാക്കാമെന്നും സർക്കാർ അറിയിച്ചു. എന്നാൽ കോടതി ഇത് അം​ഗീകരിച്ചിട്ടില്ല. ക്രമസമാധാന പ്രശ്നം ഉന്നയിച്ച് വിധി നടപ്പാക്കാത്തത് സർക്കാരിന് തന്നെ നാണക്കേടാണ്. ഉത്തരവ് കലക്ടർ എപ്രകാരമാണ് നടപ്പാക്കാൻ പോകുന്നത് എന്നു കാണിച്ച് വിശദമായ പദ്ധതി തയാറാക്കി തിങ്കളാഴ്ചയ്ക്ക് മുൻപ് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് തിങ്കളാഴ്ച വിധി പറയുന്നതിന് മാറ്റിവച്ചു.