താമരശേരി ചുരവും വാര്യംപള്ളീലെ മീനാക്ഷിയും ഇന്നും ചിരിയോര്‍മ്മകള്‍; മലയാള സിനിമയിലെ ഈ ചിരി ഓര്‍മ്മയായിട്ട് ഇന്നേക്ക് 20 വര്‍ഷം

single-img
25 February 2020

സ്വത സിദ്ധമായ നര്‍മ്മം കൊണ്ടും ഭാഷാ ശൈലികൊണ്ടും മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയ നടനാണ് കുതിരവട്ടം പപ്പു. കുതിരവട്ടമാണോ പപ്പുവിനെ പ്രശസ്തമാക്കിയത് അതോ പപ്പുവാണോ കുതിരവട്ടത്തെ പ്രശസ്തമാക്കിയത് എന്ന് തിരിച്ചറിയാന്‍ പ്രയാസം.മലയാള ചലച്ചിത്ര പ്രേക്ഷകര്‍ക്ക് അന്നും ഇന്നും എന്നും കുതിരവട്ടമെന്നാല്‍ പപ്പുതന്നെയാണ്. നിഷ്‌കളങ്കമായ ഹാസ്യത്തിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച പപ്പു ഓര്‍മ്മയായിട്ട് ഇന്നേക്ക് 20 വര്‍ഷം തികയുന്നു.

ആദ്യകാലത്ത് നാടകത്തിന് കര്‍ട്ടന്‍ കെട്ടാന്‍ പോയിരുന്ന പപ്പു പിന്നീട് നാടകനടനായി. കുപ്പയിലൂടെ എന്ന നാടമാണ് പപ്പുവിലെ അഭിനയപ്രതിഭയെ പുറത്തു കൊണ്ടുവന്നത്. അക്കാലത്ത് പപ്പു, കുഞ്ഞാവ, നെല്ലിക്കോട് ഭാസ്‌കരന്‍ തുടങ്ങിയര്‍ ചേര്‍ന്ന് പൊറാട്ട് നാടകങ്ങളും തത്സമയ നാടകങ്ങളും അവതരിപ്പിച്ച് കാണികളെ ചിരിപ്പിച്ചു പോന്നു. മുടിയനായ പുത്രന്‍ എന്ന നാടകത്തില്‍ അഭിനയിക്കുമ്പോഴാണ് പപ്പു സിനിമയിലെത്തുന്നത് . നാടകം കണ്ട രാമുകാര്യാട്ട് സിനിമയില്‍ ചെറിയൊരു വേഷം നല്‍കുകയായി രുന്നു.

കൂടുതല്‍ തയ്യാറെടുപ്പുകളില്ലാതെ തത്സമയം തമാശകള്‍ അവതരിപ്പിക്കാനുള്ള പപ്പുവിന്റെ കഴിവ് തിരിച്ചറിഞ്ഞ രാമു കാര്യാട്ട് മൂടുപടം എന്ന ചിത്രത്തിലൂടെ അദ്ദേഹത്തെ വെള്ളിത്തിരയിലെത്തിച്ചു.ഭാര്‍ഗവീനിലയം എന്ന ചിത്രത്തിലൂടെ പദ്മദളാക്ഷന്‍ എന്ന നടന്‍ കുതിരവട്ടം പപ്പുവായി മാറി.മലയാളത്തിന്റെ പ്രിയ കഥാകൃത്ത് വൈക്കം മുഹമ്മദ് ബഷീറാണ് ആ പേര് നല്‍കിയത്. മലയാള സിനിമയുടെ ഹാസ്യലോകത്ത് ഒരു പപ്പു ശൈലി തന്നെ ഉണ്ടായി.

പിന്നീടിറങ്ങിയ സിനിമകളില്‍ പപ്പുവെന്ന നടന്റെ കഥാപാത്രങ്ങള്‍ മാത്രമല്ല ഓരോ ഡയലോഗുകളും ഹിറ്റായി മാറി. തേന്‍മാവിന്‍ കൊമ്പത്തിലെ ടാക്‌സി വിളിയെടാ, താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍, വെളളാനകളുടെ നാട്ടിലെ ആ ചെറിയ സ്പാനറിംഗെടുത്തേ,മണിച്ചിത്ര താഴിലെ ഇതാരാ വാര്യംപള്ളിലെ മീനാക്ഷിയല്ലിയോ, എന്താ മോളെ സ്‌കൂട്ടറില്, തുടങ്ങിയ സംഭാഷണ ശകലങ്ങള്‍ എന്നത്തെയും ഹിറ്റ് ഡയലോഗുകളാണ്.

പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഈ ഡയലോഗുകള്‍ സാധാരണക്കാരുടെ നര്‍മ്മസംഭാഷണങ്ങളില്‍ ഇന്നും ഒഴിച്ചു കൂടാനാകാത്തതാണ്. ന്യൂ ജനറേഷന്‍ ട്രോളര്‍മാരുടെ ഏറ്റവും പ്രിയപ്പെട്ട ഡയലോഗുകള്‍ കൂടിയാണ് ഇവ. ഹാസ്യതാരമായി മാത്രമല്ല അഭിനയ സാധ്യതയുള്ള വേഷങ്ങളിലും അദ്ദേഹം തിളങ്ങിയിരുന്നു. അച്ഛനായും, അമ്മാവനായും, അളിയനായും പപ്പു വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നു.അവളുടെ രാവുകള്‍ എന്ന ചിത്രത്തിലെ റിക്ഷാക്കാരന്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍മ്മിക്കുന്ന കഥാപാത്രങ്ങളിലൊന്നാണ്.

2000 ല്‍ പുറത്തിറങ്ങിയ നരസിംഹമാണ് പപ്പു അഭിനയിച്ച അവസാന ചിത്രം. 2000 ഫെബ്രുവരി 25 ന് ആ പ്രതിഭ ലോകത്തോട് വിടപറഞ്ഞു. സമകാലീന വിഷയങ്ങളെ നര്‍മ്മരൂപത്തില്‍ അവതരിപ്പിക്കാന്‍ ഇപ്പോഴും പപ്പുവിന്റെ ഡയലോഗുകള്‍ ഉപയോഗിക്കുന്നുണ്ട്. മണ്‍മറഞ്ഞ് 20 വര്‍ഷം പിന്നിടുമ്പോഴും ഈ വാക്കുകളിലൂടെ ആ കലാകാരന്‍ ജീവിക്കുന്നു എന്നതു തന്നെ അദ്ദേഹത്തിന്റെ ജനപ്രീതിയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.

1936ല്‍ ഫറോക്കില്‍ ജനിച്ച പപ്പു പിന്നീടാണ് കുതിരവട്ടത്തേക്ക് താമസം മാറ്റിയത്. പനങ്ങോട്ട് രാമനും ദേവിയുമാണ് മാതാപിതാക്കള്‍ . പത്മദളാക്ഷന്‍ എന്നായിരുന്നു യഥാര്‍ഥ പേര്.പത്മിനി ഭാര്യയും ബിന്ദു ,ബിജു, ബിനു എന്നിവര്‍ മക്കളുമാണ്.