വിയാനെ കൊലപ്പെടുത്താൻ കാമുകൻ ശരണ്യയെ പ്രേരിപ്പിച്ചോ? ദുരൂഹത നീക്കാനുറച്ച് പൊലീസ് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്

single-img
24 February 2020

തയ്യിലിൽ ഒന്നര വയസ്സുകാരൻ വിയാനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മ ശരണ്യയുടെ കാമുകനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ്. ചോദ്യം ചെയ്യലിനു പൊലീസിനു മുൻപിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞദിവസം ഇയാൾ ഹാജരായിരുന്നില്ല. സ്ഥലത്തില്ല എന്നാണ് ഇയാൾ മറുപടി നൽകിയത്. വലിയന്നൂർ സ്വദേശിയായ ഇയാളോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സിറ്റി പൊലീസ് വീണ്ടും നോട്ടിസ് നൽകിയിരിക്കുകയാണ്. 

ശരണ്യ വിയാനെ കൊലപ്പെടുത്തുന്നതിൻ്റെ തലേദിവസം രാത്രി വലിയന്നൂർ സ്വദേശിയായ കാമുകൻ സംഭവ സ്ഥലത്തുണ്ടായിരുന്നതായി ദൃക്സാക്ഷി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ‘ശരണ്യയുടെ വീടിനു പിന്നിലെ റോഡിൽ ബൈക്കിൽ ഇയാളെ കണ്ടിരുന്നു. റോഡിൽ നിൽക്കുന്നത് എന്താണെന്നു ചോദിച്ചപ്പോൾ മെയിൻ റോഡിൽ പൊലീസ് പരിശോധനയുണ്ട്, മദ്യപിച്ചതിനാൽ അതുവഴി പോകാനാവില്ല, അതുകൊണ്ടു മാറി നിൽക്കുന്നു എന്നാണു പറഞ്ഞത്. പൊലീസ് പോയി എന്നു പറഞ്ഞ് അൽപസമയം കഴിഞ്ഞ് ഇയാൾ ഇവിടെ നിന്നു പോയി’– എന്നാണ് ഇതുസംബന്ധിച്ച് ദൃക്സാക്ഷി പശാലീസിനോടു പറഞ്ഞത്. 

മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇയാൾ ബൈക്കിൽ കടന്നു പോകുന്നതായും ശ്രദ്ധയിൽപ്പെട്ടിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്താൻ ശരണ്യയെ കാമുകൻ പ്രേരിപ്പിച്ചിരുന്നോ എന്ന കാര്യം വിശദമായി അന്വേഷിച്ചുവരികയാണെന്നും . ഇതിൻ്റെ ഭാ​ഗമായി ഇവരുടെ കൂടുതൽ മൊബൈൽ സംഭാഷണങ്ങൾ അടക്കമുള്ള വിവരങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.

വിയാനെ കൊലപ്പെടുത്തിയ സംഭവത്തിൽ കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകൾ സ്ഥിരീകരിക്കാൻ ഫൊറൻസിക് സംഘം കഴിഞ്ഞ ദിവസം  കടൽത്തീരത്തെ പാറക്കൂട്ടം സന്ദർശിച്ചു. കേസിൽ അറസ്റ്റിലായ കുഞ്ഞിൻ്റെ അമ്മ ശരണ്യയുടെ മൊഴിയും കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകളും തമ്മിൽ പൊരുത്തപ്പെടുന്നുണ്ടോ എന്നു സ്ഥിരീകരിക്കാനായിരുന്നു സന്ദർശനം നടത്തിയത്. തലയിൽ ഉണ്ടായ മുറിവാണ് മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. പാറക്കെട്ടിലേക്കു ശക്തിയായി വലിച്ചെറിഞ്ഞാൽ ഇത്തരത്തിൽ മുറിവുകൾ ഉണ്ടാകാമെന്നു സംഘം പൊലീസിനോടു പറഞ്ഞതായാണ് വിവരം. 

സമാനതകളില്ലാത്തതാണ് കുഞ്ഞിൻ്റെ കൊലപാതകമെന്ന വിലയിരുത്തലിലാണ് പൊലീസ്. പാറക്കൂട്ടത്തിലേക്ക് എറിഞ്ഞപ്പോൾ പരുക്കേറ്റു കുഞ്ഞ് കരയുകയും പിന്നീട് അവിടെ നിന്നെടുത്തു കടലിലേക്ക് എറിയുകയും ചെയ്തുവെന്നാണ് ശരണ്യയുടെ മൊഴി. കുഞ്ഞിന്റെ ശരീരത്തിലെ കടൽവെള്ളത്തിന്റെ സാന്നിധ്യം ഇതിനു തെളിവായി സംഘം ചൂണ്ടിക്കാട്ടുന്നു.