ഇസ്ലാമിക വിവേചന വിഷയത്തിൽ കുടുങ്ങിയ കുടിയും വലിയുമില്ലാത്ത സൽസ്വഭാവികൾ; കുടിയേറ്റം വെറുക്കുന്ന രാജ്യസ്നേഹികൾ: മോദിക്കും ട്രംപിനും സാമ്യതകളേറേ

single-img
24 February 2020

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവും പ്രധാന മന്ത്രി നരേന്ദ്രമോഡിയുടെ സ്വീകരണവും വലിയ വാര്‍ത്തയായി മാറുമ്പോള്‍ രണ്ടുപേരും തമ്മിലുള്ള സാമ്യതകള്‍ കണ്ടെത്തുകയാണ് മാധ്യമങ്ങള്‍. കുടിക്കില്ല, വലിക്കില്ല.  രണ്ടും തികഞ്ഞ സൽസ്വഭാവികളും. വാ തോരാതെ രാജ്യസ്നേഹത്തെക്കിറിച്ച് പറയുകയും ഇസ്ലാമിക വിവേചനം വിഷയമായ കാര്യത്തില്‍ വിവാദത്തിലാകുകയും ചെയ്തവർ കൂടിയാണിവർ. 

Support Evartha to Save Independent journalism

രാഷ്ട്രീയത്തില്‍ സ്വയം പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ കേന്ദ്ര സ്ഥാനത്തേക്ക് ഉയര്‍ന്നവരും നിലവിൽ അതുവഴി ലഭിച്ച പദവി അലങ്കരിക്കുന്നവരുമാണിവർ. അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇന്നത്തെ മുഖ്യവ്യക്തിയാണ് ട്രംപ്. അതുപോലെ ഇന്ത്യയിൽ ബിജെപിയുടെ മുഖം മോദിയും. 

ഇരുവരും തമ്മിലുള്ള മറ്റൊരു പ്രധാന സാമ്യത സ്വന്തം രാജ്യത്തിന്റെ മഹത്വം പറയുന്നതാണ്. അതിനായി രണ്ടുപേർക്കും മുദ്രാവാക്ക്യങ്ങളുമുണ്ട്. ട്രംപ് ‘അമേരിക്ക ഫസ്റ്റ്’, ‘മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ’ മുദ്രാവാക്യം ഉയര്‍ത്തുമ്പോള്‍ നരേന്ദ്രമോഡിയുടെ പരസ്യവാചകം ‘മെയ്ക്ക് ഇൻ ഇന്ത്യ’, ‘ഡിജിറ്റൽ ഇന്ത്യ’ തുടങ്ങിയവയാണ്. 

രണ്ടുപേരും അടുത്തിടെ പൗരത്വവുമായി ബന്ധപ്പെട്ടാണ് വിവാദത്തില്‍ കുടുങ്ങി. അയല്‍രാജ്യമായ മെക്സിക്കോ ഉള്‍പ്പെടെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരേ കര്‍ശന നടപടിയാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചത്. അതേസമയം ദേശീയ പൗരത്വ നിയമ ഭേദഗതിയും പൗരത്വ റജിസ്റ്ററും മോഡി സര്‍ക്കാരിനെ വിവാദത്തിലാക്കുകയായിരുന്നു. ഇസ്ലാമിക വിഭാഗത്തില്‍ പെടുന്നവര്‍ക്ക് നേരെയുള്ള നയങ്ങളാണ് രണ്ടുപേരേയും ഒരർത്ഥത്തിൽ വിവാദത്തിലേക്ക് വലിച്ചിഴച്ചതും. 

ഒമ്പതു മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് വരെ ഏർപ്പെടുത്തി വിവാദത്തിന് തുടക്കം കുറിച്ചത് ട്രംപ് ഭരണകൂടമായിരുന്നു. ഇന്ത്യയിലാണെങ്കിൽ അയല്‍ രാജ്യങ്ങളിലെ മുസ്ലിങ്ങൾക്ക് ഒഴികെയുള്ളവർക്ക് പൗരത്വം നൽകാൻ തീരുമാനിച്ചുകൊണ്ട് മോദി കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയാണ് വിവാദമായത്.  2014 -ൽ മോദി സ്ഥാനമേറ്റെടുത്തപ്പോൾ 2017 -ൽ ട്രംപ് പ്രസിഡൻ്റായി. 2019 -ൽ മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിൽ, 2020 ല്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള നീക്കമാണ് ട്രംപ് നടത്തുന്നതെന്നുള്ളതും ഈ അവസരത്തിൽ ഓർക്കേണ്ടതാണ്.