വെടിയുണ്ടകൾ യന്ത്രത്തോക്കിൽ ഉപയോഗിക്കുന്നത്; കണ്ടെത്തിയത് തുടര്‍ച്ചയായി വെടിയുതിര്‍ക്കാവുന്ന തരത്തില്‍ മാലയാക്കി: പത്തുകിലോമീറ്റർ ചുറ്റളവിലുള്ള സ്കൂളുകളിലും ആശുപത്രികളിലും സുരക്ഷ ശക്തമാക്കി

single-img
24 February 2020

കുളത്തൂപ്പുഴയില്‍ കണ്ടെടുത്ത വെടിയുണ്ടകള്‍ എ.കെ-47 പോലുളള യന്ത്രത്തോക്കുകളില്‍ ഉപയോഗിക്കുന്നവയാണെന്നു ദേശീയ അനേ്വഷണ ഏജന്‍സി (എന്‍ഐഎ) കേരളാ പോലീസിനെ അറിയിച്ചതായി റിപ്പോർട്ടുകൾ.  പാകിസ്താന്‍ നിര്‍മിതമെന്നു കരുതുന്ന വെടിയുണ്ടകള്‍ തുടര്‍ച്ചയായി വെടിയുതിര്‍ക്കാവുന്ന തരത്തില്‍ മാലയാക്കിയിരുന്നത് അപായ സാധ്യതയിലേക്കാണു വിരല്‍ ചൂണ്ടുന്നതെന്നു കേന്ദ്ര ഏജന്‍സികള്‍ വ്യക്തമാക്കിയതായും `മംഗളം´ റിപ്പോർട്ടു ചെയ്യുന്നു. 

കേന്ദ്ര ഏജൻസികൾ കെെമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വെടിയുണ്ട കണ്ടെത്തിയതിനു പത്തു കി.മീ. ചുറ്റളവിലുള്ള ആശുപത്രി, സ്‌കൂള്‍ എന്നിവയുടെ സുരക്ഷ ശക്തമാക്കി. കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്ന ഭീകരാക്രമണക്കേസിലെ മുഖ്യപ്രതികളെ പിടികൂടിയത് കൊല്ലം ജില്ലയിലെ തെന്മലയില്‍ വച്ചായിരുന്നുവെന്നുള്ളതും സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നുണ്ട്. 

ആസൂത്രിത ആക്രമണത്തിന് മാവോയിസ്റ്റുകള്‍ അടക്കമുള്ള തീവ്രവാദ സംഘടനകള്‍ പദ്ധതിയിട്ടതായും സംശയമുണ്ട്. പാങ്ങോട് മിലിട്ടറി ക്യാമ്പ് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കണ്ടെടുത്ത വെടിയുണ്ടകള്‍ 1981-82 വര്‍ഷം നിര്‍മിച്ചവയാണ്. പക്ഷേ അതു മാലയാക്കി സൂക്ഷിച്ച ബെല്‍റ്റ് പുതിയതാണെന്നുള്ളതാണ് അന്വേഷണ സംഘത്തെ ജാഗരൂഗരാക്കുന്നത്. 

വെടിയുണ്ടകൾ ഭീകരര്‍ ഉപേക്ഷിച്ചതാകില്ലെന്നും അവര്‍ക്കു കെെമോശം വന്നതാകാനാണു സാധ്യതയെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. കൊല്ലം റൂറല്‍ എസ്.പി: എസ്. ഹരിശങ്കറിന്റെ നേതൃത്വത്തില്‍ പ്രത്യേക അനേ്വഷണം പുരോഗമിക്കുകയാണ്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം തീവ്രവാദവിരുദ്ധ സേനയ്ക്കു കെെമാറി. എന്‍ഐഎ, മിലിട്ടറി ഇന്റലിജന്‍സ്, റോ, ഇന്റലിജന്‍സ് ബ്യൂറോ എന്നിവരും അന്വേഷണത്തില്‍ ഒപ്പമുണ്ട്. 

തിരുവനന്തപുരം-ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി മുപ്പതടിപാലത്തിനു സമീപം ഹെെവേനിര്‍മാണത്തിനായി എടുത്ത മണ്ണിനുമുകളില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണു വാഹനയാത്രക്കാര്‍ വെടിയുണ്ടകള്‍ കണ്ടെത്തിയത്. 12 വെടിയുണ്ടകള്‍ മാലയായും രണ്ടെണ്ണം വേര്‍പെട്ട നിലയിലുമായിരുന്നു കിടന്നിരുന്നത്. 7.62 എംഎം കാലിബര്‍ വെടിയുണ്ടകളില്‍ പിഒഎഫ്. എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. പാകിസ്താന്‍ ഓര്‍ഡനന്‍സ് ഫാക്ടറി എന്നതിന്റെ ചുരുക്കെഴുത്താണ് ഇതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.