ട്രംപ് തങ്ങുന്നത് രാജ്യത്ത് ഏറ്റവും മികച്ച ശുദ്ധവായു ലഭിക്കുന്ന സ്യൂട്ടിൽ: വാടക ഒരു രാത്രി എട്ടുലക്ഷം

single-img
24 February 2020

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും പ്രഥമ വനിത മെലനിയ ട്രംപിനെയും സ്വീകരിക്കാൻ ഒരുങ്ങി ഡൽഹിയിലെ സർദാർ പട്ടേൽ മാർഗിലുള്ള അത്യാഡംബര ഹോട്ടലായ ഐ.ടി.സി മൗര്യ. ‘ചാണക്യ സ്യൂട്ട്’ എന്നറിയപ്പെടുന്ന പ്രസിഡൻഷ്യൽ സ്യൂട്ടിലാണ് ട്രംപും മെലനിയയും തങ്ങുക. ഈ സ്യൂട്ടിൽ തങ്ങുന്ന നാലാമത്തെ അമേരിക്കൻ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്. അദ്ദേഹത്തിന് മുൻപ് ബിൽ ക്ലിന്റൺ, ജോർജ് ബുഷ്, ബറാക്ക് ഒബാമ തുടങ്ങിയവരാണ്‌ പ്രസിഡൻഷ്യൽ സ്യൂട്ടിൽ തങ്ങിയിട്ടുള്ളത്.

Support Evartha to Save Independent journalism

ഡയറ്റ് കോക്കും സുപ്രസിദ്ധ ചിത്രകാരൻ തയേബ് മേത്തയുടെ ഛായാ ചിത്രങ്ങളുമാണ് ട്രംപിനെ സ്വീകരിക്കുവാൻ സ്യുട്ടിൽ അണിനിരത്തിയിട്ടുള്ളത്. ട്രംപിനെയും ഭാര്യയേയും കൂടാതെ അദ്ദേഹത്തിന്റെ മകളായ ഇവാങ്ക ട്രംപ്, മരുമകൻ ജാരഡ് കുഷർ എന്നിവരും ഇതേ ഹോട്ടലിലെ ലക്ഷ്വറി സ്യൂട്ടുകളിൽ തന്നെ തങ്ങും. എന്നാൽ സുരക്ഷാ വിഷയങ്ങൾ പരിഗണിച്ച്, ഇവർ ഹോട്ടലിൽ എവിടെ തങ്ങണമെന്നതിൽ അവസാന തീരുമാനമെടുക്കുകയെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ സീക്രട്ട് സർവീസിൻ്റെതാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം. 

ലോകാരോഗ്യ സംഘടനയുടെ ചട്ടങ്ങൾ പാലിച്ചുകൊണ്ട് ഹോട്ടലിനകത്ത് ശുദ്ധവായു നൽകുന്ന ഇന്ത്യയിലെ ഒരേയൊരു ഹോട്ടൽ ഐടിസി മൗര്യ മാത്രമാണ്. പരമ്പരാഗത രീതിയിലുള്ള സ്വീകരണ ചടങ്ങാണ് ട്രംപിനായി ഹോട്ടൽ ഒരുക്കിയിട്ടുള്ളതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ചടങ്ങിന്റെ ഭാഗമായി, ഒരു ആനയും ഉണ്ടാകുമെന്നും അഭ്യൂഹങ്ങളുണ്ട്.ഇന്ത്യയുടെ സംസ്കാരവുമായി ബന്ധപ്പെട്ട ഒരു ബിംബം എന്നതിലുപരി ട്രംപിന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയുടെ ചിഹ്നം കൂടിയാണെന്നുള്ളതും ആനയെ ഉപയോഗിക്കുവാൻ അധികൃതരെ പ്രേരിപ്പിക്കുന്നുണ്ട്. 

അമേരിക്കൻ പ്രസിഡന്റിന്റെ പ്രിയപ്പെട്ട ഭക്ഷണ സാധനങ്ങളായ ചെറി-വാനില ഐസ്ക്രീം, ഡയറ്റ് കോക്ക് എന്നിവ ഹോട്ടൽ വലിയ അളവിൽ വാങ്ങി സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതോടൊപ്പം, പ്രസിഡന്റിനും കുടുംബത്തിനും ഭക്ഷണം പാകം ചെയ്യുന്നതിനായി പ്രത്യേക പാചകക്കാരനെയും ഹോട്ടൽ ഏർപ്പാടാക്കിയിട്ടുണ്ട്. 4600 ചതുരശ്ര അടി വിസ്‌തീർണമുള്ള ചാണക്യ സ്യൂട്ടിൽ ഒരു രാത്രി താമസിക്കാൻ നൽകേണ്ട വാടക എട്ടു ലക്ഷം രൂപയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.