ഇന്ത്യയുമായി പുതിയ പ്രതിരോധ കരാറിന് നാളെ ഒപ്പുവെക്കും: ട്രംപ്

single-img
24 February 2020

ദില്ലി: ഇന്ത്യയുമായി പ്രതിരോധമേഖലയിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയുമായുള്ള വ്യാപാരകരാര്‍വൈകില്ല.ലോകത്തിലെ ഏറ്റവും മികച്ച ആധുനിക ആയുധങ്ങള്‍ ഇന്ത്യക്ക് കൈമാറുന്ന കാര്യം പരിഗണനയിലാണ്. പുതിയ പ്രതിരോധ കരാര്‍ നാളെ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിടുമെന്നും ട്രംപ് അറിയിച്ചു. മൊട്ടേര സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച നമസ്‌തേ ട്രംപ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.

മോദി ജനകീയനായ നേതാവാണ്. ഭീകരവാദികളെയും അവരുടെ ആശയങ്ങളെയും ഇല്ലാതാക്കാനായി യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് രാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണ്. പാക് അതിര്‍ത്തിയിലെ ഭീകരസംഘടനകളെ ഇല്ലാതാക്കാന്‍ യുഎസ് ഭരണകൂടം പാകിസ്താനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ട്രംപ് അറിയിച്ചു. ഇന്ന് രാവിലെ 11.30ന് രാജ്യത്ത് എത്തിയ ട്രംപിനെയും മെലാനിയയെയും നരേന്ദ്രമോദി പ്രോട്ടോകോള്‍ ലംഘിച്ചാണ് നേരിട്ടെത്തി സ്വീകരിച്ചത്. മഹാത്മജിയുടെ സബര്‍മതി ആശ്രമവും ഇരുവരും സന്ദര്‍ശിച്ചു.