ബസ് ടെര്‍മിനലിനു മുന്നില്‍ ബസു കാണാന്‍ തിക്കിത്തിരക്കി യാത്രക്കാര്‍; കൗതുകമുണര്‍ത്തി ആനവണ്ടി എക്‌സ്‌പോ

single-img
24 February 2020

തിരുവനന്തപുരം:തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിനു മുന്നില്‍ തിക്കി തിരക്കി യാത്രക്കാരും കാഴ്ചക്കാരും. കെഎസ്ആര്‍ടിസി ഇതുവരെ ഇറക്കിയ 50ഓളം ബസുകളുടെ മോഡലുകളുടെ പ്രദര്‍ശനത്തിനായിരുന്നു കാഴ്ചക്കാരുടെ തിരക്ക്. മിനിയേച്വര്‍ ക്രാഫ്‌റ്റേഴ്‌സ് എന്ന കൂട്ടായ്മയാണ് ആനവണ്ടി എക്‌സ്‌പോ എന്ന പേരില്‍ ഒറ്റദിവസത്തെ പ്രദര്‍ശനം സംഘടിപ്പിച്ചത്.

ടാറ്റയുമായി സഹകരിച്ച് ഇറക്കിയതും 1960കളില്‍ ഉണ്ടായിരുന്നതുമായ ബെന്‍സ് ബസുകള്‍, എഴുപതുകളില്‍ സിറ്റി ഫാസ്റ്റ് ആയും ഓര്‍ഡിനറിയായും സര്‍വീസ് നടത്തിയിരുന്ന ലെയ്ലാന്‍ഡ് കോമറ്റ് ബസുകള്‍, തിരുവനന്തപുരം നഗരത്തില്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും ഓടിയിരുന്ന ഡബിള്‍ ഡെക്കര്‍ ബസുകള്‍, തിരുവനന്തപുരം നഗരത്തില്‍ മാത്രം ഓടിയിരുന്ന പച്ചയും ചുവപ്പും നിറത്തിലുള്ള സിറ്റി ബസുകള്‍ തുടങ്ങിയവ യാത്രക്കാരെ പഴയകാലത്തേക്ക് കൂട്ടിക്കൊണ്ടു പോയി.

കണ്ണൂര്‍ ഡീലകസ് എന്ന് അറിയപ്പെട്ടിരുന്നതും ഇതേ പേരിലുള്ള സിനിമ കൊണ്ടും പ്രശസ്തമായ സൂപ്പര്‍ ഡീലക്‌സ് എയര്‍ ബസ്, എണ്‍പതുകളില്‍ തിരുവനന്തപുരം നഗരത്തില്‍ മാത്രം ഓടിയിരുന്ന ട്രാക്ടര്‍ ട്രെയ്ലര്‍ ബസുകള്‍, (ഈ ട്രെയ്ലര്‍ ബസുകളുടെ തലഭാഗമാണു പിന്നീടു പാഴ്‌സല്‍ സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന ലോറികളായി മാറിയത്.)

എല്ലാ പ്രധാന ഡിപ്പോകളിലൂം ആനവണ്ടികളെ ശുശ്രൂഷിക്കാനുള്ള വര്‍ക്ഷോപ്പ് വാനുകള്‍, സിറ്റി ഡിപ്പോയുടെ കീഴിലുള്ള ബസ് മാറ്റി നിര്‍മിച്ച ആംബുലന്‍സ്, 2001ല്‍ ഹൈടെക് ബസുകള്‍ വരുന്നതു വരെ ഓടിയിരുന്ന ഫാസറ്റും സൂപ്പര്‍ഫാസ്റ്റുമായ ബസുകള്‍, ഒരു കാലത്തു വീഥികള്‍ കീഴടക്കിയ ശേഷം പിന്‍വാങ്ങിയ പച്ച നിറത്തിലുള്ള സൂപ്പര്‍ ഡീലക്‌സ് ബസുകള്‍, 2017 ജനുവരി മുതല്‍ 2018 മേയ് വരെ മാത്രം സ്ത്രീസുരക്ഷയ്ക്കായി നിരത്തില്‍ ഇറക്കി പിന്‍വാങ്ങിയ പിങ്ക് ബസുകള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിന്റെ ഭാഗമായിരുന്നു. തിരുവിതാംകൂര്‍

രാജഭരണകാലത്ത് തിരുവനന്തപുരത്തു നിന്നു കന്യാകുമാരിയിലേക്ക് ആദ്യയാത്ര നടത്തിയ ബസ് കാണാന്‍ യാത്രക്കാരുടെ തിരക്കായിരുന്നു. 1938 ഫെബ്രുവരി 21ന് കെഎസ്ആര്‍ടിസിയുടെ പൂര്‍വരൂപമായ ട്രാവന്‍കൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിനു കീഴില്‍ ഓടിയ ബസിന്റെ ചെറുമാതൃകയാണു പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചത്.

പിന്നീടു വന്ന ഗരുഡ, മിന്നല്‍, ഇലക്ട്രിക് ബസുകളുടെ മാതൃകകളും അവതരിപ്പിക്കപ്പെട്ടു. കൂട്ടായ്മയിലെ നാല്‍പതോളം അംഗങ്ങള്‍ എട്ടു മാസത്തോളം പരിശ്രമിച്ചാണു മാതൃകകള്‍ തയാറാക്കിയതെന്ന് അഡ്മിന്‍ രഞ്ജിത് തോമസ് പറഞ്ഞു. 2014ല്‍ ആരംഭിച്ച മിനിയേച്വര്‍ ക്രാഫ്‌റ്റേഴ്‌സ് എന്ന കൂട്ടായ്മ ഫെയ്‌സ്ബുക്കിലും വാട്‌സാപിലും സജീവമാണ്.