തൊഴിലുറപ്പ് പദ്ധതിയിൽ കേരളം നമ്പർ വൺ: സംസ്ഥാനത്തിന് കേന്ദ്രത്തിൻ്റെ കെെയടി

single-img
24 February 2020

നിർമ്മാണ പ്രവൃത്തികൾ ഏറ്റെടുത്ത് സംസ്ഥാനം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മുന്നേറിയെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. സംസ്ഥാനം ഏറ്റെടുത്ത പദ്ധതികൾ കഴിഞ്ഞ വർഷത്തെക്കാൾ മൂന്നിരട്ടിയായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തൊഴിലാളികളുടെയും തൊഴിൽ ദിനങ്ങളുടെയും എണ്ണം വർദ്ധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. 

കഴിഞ്ഞ സാമ്പത്തിക വർഷം 8.51 ശതമാനം മാത്രമായിരുന്നു സംസ്ഥാനം ചെലവാക്കിയത്. എന്നാൽ നടപ്പ് സാമ്പത്തിക വർഷം ആകെ ചെലവിന്റെ 23.02 ശതമാനം തുക സാധനങ്ങൾ ഉപയോഗിച്ചുള്ള നിർമ്മാണ പദ്ധതികൾക്ക് വിനിയോഗിച്ചു. 

സംസ്ഥാനത്തിന് ഈ സാമ്പത്തിക വർഷം 7 കോടി തൊഴിൽ ദിനങ്ങളാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്  . ഇതിൽ 6.78 കോടി തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കി. അംഗീകരിച്ച ലേബർ ബഡ്‌ജറ്റിന്റെ 97 ശതമാനം നേട്ടം ഇതിനകം കൈവരിച്ചു. പ്രതിവർഷം ഒരു കുടുംബത്തിന് 100 തൊഴിൽദിനം നൽകുന്ന പദ്ധതിയിൽ ഇതുവരെ ശരാശരി 48.75 തൊഴിൽ ദിനമാണ് കേരളം നൽകിയത്. 1.10ലക്ഷം കുടുംബങ്ങൾക്ക് 100 ദിനവും തൊഴിൽ ലഭിച്ചു.

കഴിഞ്ഞ ദിവസം വരെ താെഴിലുറപ്പ് പദ്ധതിയിൽ 2428.45 കോടിയാണ് സംസ്ഥാനം ചെലവാക്കിയത്. ഇതിൽ 555.81 കോടി സാധന സാമഗ്രികൾക്കും വിദഗ്ധ തൊഴിലാളികളുടെ വേതനത്തിനുമായി വിനിയോഗിച്ചു. തൊഴിലുറപ്പു പദ്ധതിയുടെ ചരിത്രത്തിലാദ്യമാണ് ഇത്രയും തുക ചെലവാക്കുന്നത്. മണ്ണിളക്കൽ, പുല്ലുവെട്ട്, മഴക്കുഴി വെട്ട്, റോഡ് നിർമ്മാണം, കാട്തെളിക്കൽ, തോട് ശുചീകരണം തുടങ്ങിയവയാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

കാലിത്തൊഴുത്ത്, ആട്ടിൻ കൂട്, കോഴിക്കൂട്, കുടിവെള്ള പദ്ധതിയിലെ കിണറും കുളവും, അങ്കണവാടി, സ്കൂൾ കഞ്ഞിപ്പുരകൾ, ഡൈനിംഗ് ഹാൾ, തോടുകളുടെ സംരക്ഷണ ഭിത്തി എന്നിവയുടെ നിർമ്മാണവും കൃഷിക്ക് നിലമൊരുക്കലും പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ആലപ്പുഴ മുന്നിൽആകെ ചെലവിന്റെ 29.48 ശതമാനം തുക ചെലവിട്ട് ആലപ്പുഴ മന്നിലെത്തി. എറണാകുളം തൊട്ടുപിന്നിലുണ്ട്-29.07 ശതമാനം. തിരുവനന്തപുരമാണ് ഏറ്റവും പിന്നിൽ-13.29 ശതമാനമാണ് ജില്ലയിലെ കണക്ക്.