നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യര്‍, സംയുക്തവര്‍മ്മ ഉള്‍പ്പെടെയുള്ളവരെ വിസ്തരിക്കും

single-img
24 February 2020

കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ വിശദമായ വിസ്താരം ഈയാഴ്ച നടക്കും.സിനിമാരംഗത്തെ പ്രമുഖരയാകും ഇത്തവണ വിസ്തരിക്കുക.മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ്, റിമി ടോമി, സിദ്ധിഖ് എന്നിവരെയാണ് ഇത്തവണ വിസ്തരിക്കുക.പ്രതിക്ക് കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ തെളിയിക്കുന്ന സാക്ഷികളാണിവര്‍.

താരങ്ങളില്‍ പലരും മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്.വിസ്താര സമയത്ത് ഇവര്‍ ഇതേ മൊഴി ആവര്‍ത്തിക്കുമോ എന്നാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഉറ്റുനോക്കുന്നത്. മൊഴിമാറ്റുന്നപക്ഷം സാക്ഷികള്‍ കൂറുമാറിയതായി പ്രോസിക്യുഷന്‍ കോടതിയെ അറിയിക്കും. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധം അക്രമത്തിനിരയായ നടി മഞ്‌ജു വാര്യരെ അറിയിച്ചുവെന്നതാണ്‌ ക്വട്ടേഷന്‍ നല്‍കാനുള്ള കാരണമെന്നാണു പ്രോസിക്യുഷന്റെ വാദം. ഇതുതെളിയിക്കാനാണു മഞ്‌ജു വാര്യരെ പ്രധാന സാക്ഷിയാക്കിയിട്ടുള്ളത്‌.

നടിയെ ആക്രമിച്ചതിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന യാണെന്ന്‌ ആദ്യം പരസ്യമായി പ്രസ്‌താവിച്ചത്‌ മഞ്‌ജു വാര്യരാണ്‌. “അമ്മ”യുടെ നേതൃത്വത്തില്‍ എറണാകുളത്തു നടന്ന പ്രതിഷേധപരിപാടിയിലായിരുന്നു മഞ്‌ജുവിന്റെ പ്രതികരണം. ഇതേതുടര്‍ന്നാണു ദിലീപിലേക്ക്‌ അന്വേഷണസംഘം എത്തിയതും അറസ്‌റ്റിലാകുന്നതും.