മലയാളത്തില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല; കാരണം വെളിപ്പെടുത്തി ഷംന കാസിം

single-img
24 February 2020

മലയാളികള്‍ക്ക് സുപരിചിതയായ നടിയും നര്‍ത്തകിയുമാണ് ഷംന കാസിം. തമിഴിലും തെലുങ്കിലും ഏറെ തിരക്കുള്ള താരമാണ് ഷംന ഇന്ന്. വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും മലയാളത്തില്‍ വിജയം നേടാനോ കൂടുതല്‍ അവസരങ്ങള്‍ നേടാനോ ഷംനയ്ക്കായില്ല.മലയാള സിനിമയില്‍ തനിക്ക് അവസരം കുറഞ്ഞതിന്റെ കാരണം തുറന്ന് പറഞ്ഞിരി ക്കുകയാണ് ഷംന ഇപ്പോള്‍.

‘മറ്റു ഭാഷകളില്‍ ലഭിക്കുന്നതു പോലെ നല്ല റോളുകള്‍ മലയാളത്തില്‍ ലഭിക്കാത്തതില്‍ എനിക്കെല്ലായ്‌പ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്. നമ്മുടെ ചില സിനിമകള്‍ കാണുമ്പോള്‍ ഞാനിതിനെ പറ്റി ചിന്തിക്കാറുണ്ട്. ഇതെല്ലായ്‌പ്പോഴും എനിക്കൊരു ചോദ്യചിഹ്നമാണ്. ജോസഫ് സിനിമയുടെ തമിഴ് റീമേക്ക് തന്നെ എടുക്കുക. അഭിനയ കേന്ദ്രീകൃതമായ കഥാപാത്രമാണ് ഞാന്‍ ചെയ്യുന്നത്. ഇത് എനിക്ക് തമിഴില്‍ ചെയ്യാമെങ്കില്‍ എന്തു കൊണ്ട് മലയാളത്തില്‍ ചെയ്തു കൂടാ? എനിക്കിതുവരെ ഇതിനൊരു ഉത്തരം ലഭിച്ചിട്ടില്ല. ചിലര്‍ എന്നോട് പറഞ്ഞത് ഞാന്‍ ഒരുപാട് സ്റ്റേജ് ഷോകള്‍ ചെയ്യുന്നതു കൊണ്ടും എന്നെ കാണാന്‍ മലയാളിയെ പോലല്ലാത്തതു കൊണ്ടാണെന്നുമാണ്,’ ഷംന പറഞ്ഞു.