തൻ്റെ മാനേജരുടെ വിവാഹത്തിന് ആ കുടുംബത്തിലൊരാളായി നിന്ന് അതിഥികളെ സ്വീകരിക്കുന്ന തല അജിത്

single-img
23 February 2020

എളിമയുടെ പര്യായമാണ് തല എന്ന് ആരാധകർ വിളിക്കുന്ന അജിത്. തല അജിത്തിന് ആരാധകരോടുള്ള സ്‌നേഹവും പെരുമാറ്റവും പ്രശസ്തമാണ്. ഇപ്പോഴിതാ തൻ്റെ മാനേജറുടെ വിവാഹച്ചടങ്ങില്‍ അതിഥികളെ സ്വീകരിക്കുന്ന `തല´യാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. 

തൻ്റെ മാനേജര്‍ സുരേഷ് ചന്ദ്രയുടെ വിവാഹത്തിന് അതിഥികളെ സ്വീകരിക്കുന്ന തലയുടെ വീഡിയോ ഇതിനകം പ്രസിദ്ധിയാർജ്ജിച്ചുകഴിഞ്ഞു. മാനേജരുടെ വിവാഹത്തിൽ പങ്കെടുക്കുകയും മുത്ത സഹോദരനായി നിന്ന് കാര്യങ്ങൾ നിർവ്വഹിക്കുകയും ചെയ്യാൻ സമയം കണ്ടെത്തിയ അജിത്തിൻ്റെ എളിമയെയാണ് ആരാധകര്‍ പ്രശംസ കൊണ്ടു മൂടുന്നത്. റിയല്‍ ജെൻ്റില്‍മാന്‍ എന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകർ കമൻ്റിടുന്നത്. 

അജിത് ഇപ്പോൾ അഭിനയിക്കുന്നത് ‘വലിമൈ’ എന്ന ചിത്രത്തിലാണ്. പൊലീസ് ഓഫീസറായാണ് അജിത്ത് ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിംഗിനിടെ ബൈക്ക് സ്റ്റണ്ടില്‍ അജിത്തിന് പരിക്കേറ്റത് വാർത്തയായിരുന്നു.