പൗരത്വ നിയമത്തിനെതിരായപ്രക്ഷോഭം; ജനരോഷമുയര്‍ത്തി ഫെബ്രുവരി 25,26ന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ”ഒക്കുപൈ” രാജ്ഭവന്‍

single-img
23 February 2020

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ വന്‍ പ്രക്ഷോഭത്തിനൊരുങ്ങി വെല്‍ഫെയര്‍ പാര്‍ട്ടി.പൗരത്വ സമരത്തിന്റെ തുടക്കം മുതല്‍ തന്നെ സജീവമായി സമരരംഗത്തു നില്‍ക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി, പാര്‍ലമെന്റ് മാര്‍ച്ച്, ജനകീയ ഹര്‍ത്താല്‍, കേന്ദ്ര ഓഫീസ് പിക്കറ്റിംഗുകള്‍, ജില്ലാ ലോങ് മാര്‍ച്ചുകള്‍, മണ്ഡലം – പഞ്ചായത്തുതല പ്രതിഷേധ പരിപാടികള്‍ സമര ചത്വരങ്ങള്‍ തുടങ്ങിയവ സമരത്തിന്റെ ആദ്യഘട്ടത്തില്‍ സംഘടിപ്പിച്ചു. ഇവക്കുപുറമെ വിവിധ കൂട്ടായ്മകളുമായും പാര്‍ട്ടികളുമായും ചേര്‍ന്ന് വിവിധ പരിപാടികളില്‍ പങ്കാളികളായി.

സമരത്തിന്റെ രണ്ടാം ഘട്ടമെന്ന നിലയില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉപരോധിക്കുന്ന സമരങ്ങള്‍ രാജ്യ വ്യാപകമായി നടത്തും. രണ്ടാംഘട്ട സമരത്തിന്റെ തുടക്കമെന്ന നിലയിലാണ് ‘ഒക്കുപൈ രാജ്ഭവന്‍’ സംഘടിപ്പിക്കുന്നത്. കേരള രാജ്ഭവന്‍ തുടര്‍ച്ചയായ 30 മണിക്കൂര്‍ ഉപരോധിക്കുകയാണ് ഈ പ്രക്ഷോഭത്തിലൂടെ. ഫെബ്രുവരി 25,26 (ചൊവ്വ, ബുധന്‍) ദിവസങ്ങളിലായി നടക്കുന്ന പ്രക്ഷോഭത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കാളികളാകും.

ഭരണഘടനാ മൂല്യങ്ങളായ സമത്വം, സാമൂഹ്യനീതി, സാഹോദര്യം എന്നിവയെ റദ്ദ് ചെയ്യുന്നതും മതാടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുന്നതും മുസ്ലിം ജനവിഭാഗത്തെ പൗരത്വത്തില്‍ നിന്നു പുറത്താക്കുന്നതുമാണ് പൗരത്വ നിയമ ഭേദഗതിയും നടപ്പാക്കാന്‍ പോകുന്ന എന്‍ആര്‍സിയും. വൈവിധ്യങ്ങളുടെ ഇന്ത്യ എന്ന ആശയത്തെ തകര്‍ക്കുന്നത് തിരിച്ചറിഞ്ഞ ഇന്ത്യന്‍ ജനത ഇതിനെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പത്രസമ്മേളനത്തില്‍ പറഞ്ഞു.