‘ഭൂമി പരന്നതാണെന്ന് തെളിയിക്കാൻ സ്വയം നിർമ്മിച്ച റോക്കറ്റിൽ ആകാശത്തേക്ക് പറന്നു’; കാത്തിരുന്നത് വൻ ദുരന്തം

single-img
23 February 2020

‘ഭൂമി ഉരുണ്ടതാണെന്നത് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ നേതൃത്വത്തിലുള്ള ഗൂഢാലോചനാ സിദ്ധാന്തമാണ്. ഇലോണ്‍ മസ്‌കിന്റെ റോക്കറ്റ് പദ്ധതികള്‍ എല്ലാം ശുദ്ധ തട്ടിപ്പാണ്’. ഇതായിരുന്നു അമേരിക്കക്കാരൻ മൈക്ക് ഹ്യൂഗ്സിന്റെ ബഹിരാകാശ പഠനങ്ങളെക്കുറിച്ചുള്ള നിലപാടുകൾ. അതുകൊണ്ട് തന്നെ സ്വന്തമായി റോക്കറ്റുണ്ടാക്കി ബഹിരാകാശത്തേക്ക് കുതിച്ച് ചിത്രങ്ങളെടുത്ത് ലോകത്തെ ഞെട്ടിക്കുകയായിരുന്നു 61കാരനായ ഹ്യൂഗ്‌സിന്റെ പ്രഖ്യാപിത ലക്ഷ്യം.റോക്കറ്റ് സയന്‍സില്‍ അറിവ് പരിമിതമാണെങ്കിലും തന്റെ മൊബൈല്‍ ലോഞ്ചറിൽ നിന്നും വിക്ഷേപിക്കുന്ന റോക്കറ്റിലൂടെ പരന്ന ഭൂമിയെ കാണാനാകുമെന്നാണ് ഹ്യൂഗ്സ് വിശ്വസിച്ചിരുന്നത്. എന്നാൽ ഭൂമി പരന്നതാണെന്ന് തെളിയിക്കാൻ സ്വയം നിർമ്മിച്ച റോക്കറ്റിൽ ആകാശത്തേക്ക് പറന്ന മൈക്ക് ഹ്യൂഗ്സിനെ കാത്തിരുന്നത് വൻ ദുരന്തമായിരുന്നു. സാഹസിക പറക്കലിനിടയിൽ അദ്ദേഹം നിലത്തുവീണു മരിക്കുകയായിരുന്നു.

5,000 അടി (1.5 കിലോമീറ്റർ) ഉയരത്തിലേക്ക് പറക്കാമെന്ന പ്രതീക്ഷയിൽ ഹ്യൂസും സഹപ്രവർത്തകനുമാണ് നീരാവിയിൽ പ്രവർത്തിക്കുന്ന റോക്കറ്റ് നിർമ്മിച്ചത്. കാലിഫോർണിയയിലെ ബാർസ്റ്റോവിനടുത്ത് നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. റോക്കറ്റ് വിക്ഷേപിച്ചതിനു തൊട്ടു പിന്നാലെ ഹ്യൂസ് ഭൂമിയിലേക്ക് താഴേക്ക് വീഴുകയായിരുന്നു. ‌റോക്കറ്റിൽ മുകളിലെത്തി ചിത്രം പകര്‍ത്തി ഭൂമി പരന്നതാണെന്ന് തെളിയിക്കാനായിരുന്നു നീക്കം.എന്നാൽ വേണ്ട സമയത്ത് പേടകത്തില്‍ നിന്ന് വേര്‍പ്പെട്ട് പാരച്യൂട്ട് പ്രവർത്തിപ്പിക്കാൻ ഹ്യൂഗ്സിന് സാധിക്കാത്തതാണ് അപകട കാരണം.

2014ലാണ് ഹ്യൂഗ്‌സ് ആദ്യമായി മനുഷ്യനെ വഹിക്കാന്‍ ശേഷിയുള്ള റോക്കറ്റ് നിര്‍മിച്ചത്. അന്ന് അരിസോണയില്‍ നിന്നും വിക്ഷേപിച്ച ഈ റോക്കറ്റ് കാല്‍ മൈല്‍ ദൂരത്തോളം പറന്നുയര്‍ന്നു. എന്നാല്‍ യന്ത്രത്തകരാര്‍ മൂലം റോക്കറ്റ് ഭൂമിയിലേക്ക് പതിക്കുകയായിരുന്നു. ഭാഗ്യമൊന്നുകൊണ്ട് മാത്രം രക്ഷപ്പെടുകയായിരുന്നു. 2018 ലും ഹ്യൂസ് റോക്കറ്റിൽ പറന്നിരുന്നു. അന്ന് 1,875 അടി ഉയരത്തിൽ പറന്ന റോക്കറ്റ് മരുഭൂമിയിൽ ഇടിച്ചിറങ്ങുകയായിരുന്നു. എന്നാൽ ആദ്യ പരീക്ഷണങ്ങളിലെ പരാജയം ഹ്യൂഗ്‌സിനെ ഒന്നും പഠിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല. തന്റെ തിയറി കൂടുതല്‍ ആവേശത്തോടെ നടപ്പിലാക്കാനാണ് ഹ്യൂഗ്‌സ് കഴിഞ്ഞ ദിവസവും ശ്രമിച്ചത്.

‘ഹോംമേഡ് ബഹിരാകാശയാത്രികർ’ എന്ന പുതിയ അമേരിക്കൻ പരമ്പരയിൽ അവതരിപ്പിക്കാൻ സയൻസ് ചാനൽ ഹ്യൂഗ്സിന്റെ ഈ ദൗത്യം ഷൂട്ട് ചെയ്തിരുന്നു. കാലിഫോർണിയയിലെ ബാർസ്റ്റോവിനടുത്ത് നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. റോക്കറ്റ് വിക്ഷേപിച്ചതിനു തൊട്ടു പിന്നാലെ ഹ്യൂസ് ഭൂമിയിലേക്ക് താഴേക്ക് വീഴുന്നതും ചിത്രീകരിക്കപ്പെട്ടിരുന്നു.