ലഭിച്ചത് 160 കിലോ സ്വർണ്ണം, കേട്ടത് 3000 ടൺ സ്വർണ്ണം: വൻ സ്വർണ്ണശേഖരം കണ്ടെത്തിയെന്ന വാർത്തകൾ തള്ളി ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

single-img
23 February 2020

ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്രയില്‍ 3000 ടണ്‍ സ്വര്‍ണ്ണ ശേഖരം കണ്ടെത്തിയെന്ന വാര്‍ത്ത തള്ളി ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ. അത്തരത്തില്‍ ഒരു കണ്ടെത്തലും നടത്തിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. യു പി മൈനിംഗ് വകുപ്പാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും ജിഎസ്‌ഐ വശദീകരിക്കുന്നു.160 കിലോ സ്വര്‍ണ്ണ ശേഖരം മാത്രമാണ് ജിഎസ്‌ഐ ഇതുവരെ കണ്ടെത്തിയതെന്നും ഇതില്‍ വ്യക്തത വരുത്താന്‍ സംസ്ഥാന മൈനിംഗ് വകുപ്പുമായി ചേര്‍ന്ന് വാര്‍ത്താ സമ്മേളനം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ 3000 ടണ്‍ സ്വര്‍ണ നിക്ഷേപം ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ കണ്ടെത്തിയന്ന തരത്തിലുള്ള വാര്‍ത്തയാണ് പ്രചരിച്ചിരുന്നത്. സോന്‍പഹാഡി, ഹാര്‍ദി മേഖലകളിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയെന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയും, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയും ഈ വാര്‍ത്ത നല്‍കിയിരുന്നു.

വാര്‍ത്ത വ്യാപകമായി പ്രചരിക്കുകയും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യതതോടെയാണ് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. 12 ലക്ഷം കോടി വിലമതിക്കുന്ന സ്വര്‍ണമാണിതെന്ന് എന്നായിരുന്നു വാര്‍ത്തകള്‍. 

ഇന്ത്യയുടെ സ്വര്‍ണ നിക്ഷേപത്തിന്റെ ഏതാണ്ട് അഞ്ചിരട്ടി വരും ഇത്. ഇന്ത്യയുടെ സ്വര്‍ണശേഖരം നിലവില്‍ 626 ടണ്‍ ആണെന്നാണ് ലോക സ്വര്‍ണ കൗണ്‍സിലിന്റെ കണക്ക്. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് ഏതാണ്ട് 3000 ടണ്‍ വരുമെന്നായിരുന്നു പ്രചാരണം. എന്നാല്‍ അത് തെറ്റാണന്നൊണ് ഇപ്പോള്‍ വ്യക്തമാകുന്നത്.