നടപ്പാത ഞങ്ങൾക്കു നടക്കാനുള്ളതാണ്, നിങ്ങൾക്ക് വാഹനമോടിക്കാനുള്ളതല്ല: നടപ്പാതകൾ കെെയേറി സ്കൂട്ടർ ഓടിക്കുന്നവർക്കു മുന്നിൽ ചങ്കൂറ്റത്തോടെ ഒരു വനിത

single-img
23 February 2020

കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത വിധത്തില്‍ നടപ്പാതകള്‍ പോലും  ഇരുചക്രവാഹനങ്ങള്‍ കയ്യടക്കുന്നത് ഏതു നഗരത്തിലും ദൃശ്യമാണ്. തങ്ങൾ സ്ഥിരം നടക്കുന്നിടങ്ങളിലൂടെ വാഹനങ്ങൾ വരുന്നത് കണ്ട് ഒഴിഞ്ഞുകൊടുക്കാനേ കാൽനടയാത്രക്കാർക്ക് പലപ്പോഴും കഴിയാറുള്ളു. ഇരുചക്രവാഹനങ്ങളുടെ ഇത്തരം നിരുത്തരവാദപരമായ പ്രവർത്തനങ്ങൾ മൂലം കാല്‍നടയാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നതും നിത്യസംഭവങ്ങളായി മാറുന്നു. 

ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരാകട്ടെ, കാല്‍നടയാത്രക്കാര്‍ എതിരേ വരുന്നതുകണ്ടാലും വണ്ടി പിന്നോട്ടെടുക്കാനും കൂട്ടാക്കാറില്ല. ഇത്തരക്കാരെ ട്രാഫിക് നിയമങ്ങള്‍ പഠിപ്പിക്കുന്ന ഒരു മധ്യവയസ്‌കയുടെ  വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. പുനെ സ്വദേശിയായ നിര്‍മല ഗോഖലെ ആണ് ഫൂട്പാത്തുകള്‍ കീഴടക്കുന്നവരെ പാഠം പഠിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയത്. 

എസ്എന്‍ഡിടി കോളേജിനു സമീപത്തുള്ള കനാല്‍ റോഡിലെ ട്രാഫിക് കുരുക്കില്‍ പെടാതിരിക്കാന്‍ ഫൂട്പാത്തിലേക്കു കയറുന്ന ഇരുചക്രവാഹന യാത്രക്കാരെ കയ്യോടെ പിടിക്കുകയായിരുന്നു നിര്‍മല. ഓരോ തവണ സ്‌കൂട്ടര്‍ ഫൂട്പാത്തിലേക്ക് കയറുമ്പോഴും നിര്‍മല തടസ്സവുമായി മുന്നില്‍ നില്‍ക്കും.

പ്രതിബന്ധമായി നില്‍ക്കുക മാത്രമല്ല മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുണ്ട് അവർ. ഫൂട്പാത്ത് വഴിയേ തന്നെ നിങ്ങള്‍ക്ക് പോകണമെന്നുണ്ടെങ്കില്‍ എന്നെ തട്ടിയിട്ടു പോകാം അതല്ലെങ്കില്‍ റോഡിലേക്ക് വണ്ടിയിറക്കിക്കോളൂ എന്നാണ് നിര്‍മല പറയുന്നത്. നിര്‍മലയുടെ ചങ്കൂറ്റത്തിന് മുന്നില്‍ ഫുട്പാത്തിലേക്ക് കയറിയവര്‍ വാഹനം റോഡിലേക്ക് തിരിച്ചിറക്കി പോകുന്നതും വീഡിയോയിൽ കാണാം.