‘ആ ഓട്ടോ ഒന്ന് പണി മുടക്കിയാൽ അന്നം മുടങ്ങുന്നവനു, ജീവിക്കാൻ പണി എടുക്കുന്നവനോടുള്ള വംശവെറിയാണ് അവിടെ കണ്ടത്‌’; അന്യ സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നു

single-img
23 February 2020

അന്യ സംസ്ഥാന തൊഴിലാളിയോട് ആധാറും മറ്റു വിവരങ്ങളും ചോദിച്ച് ഓട്ടോ ഡ്രെെവർ തല്ലിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ഇതിനോടകം നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ ഓട്ടോഡ്രെെവറുടെ ക്രൂര മർദ്ദനത്തിനെതിരെ രം​ഗത്തെത്തിയിരിക്കുന്നത്. ഇതിൽ ജോ തോമസ് എഴുതിയ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുന്നത്.

ഒരു ഓട്ടോക്കാരൻ ഒരു അന്യസംസ്ഥാന തൊഴിലാളിയെ കേട്ടാലറക്കുന്ന തെറി വിളിച്ചു, ചെകിടത്തു ആഞ്ഞടിക്കുന്നു. ജീവിക്കാൻ ഒരു തൊഴിലു, ചെയുന്ന, ആ ഓട്ടോ ഒന്ന് പണി മുടക്കിയാൽ അന്നം മുടങ്ങുന്നവനു, ജീവിക്കാൻ പണി എടുക്കുന്നവനോട് പുച്ഛം.വംശ വെറി. ഇതൊരു പകർച്ച വ്യാധി ആണ്.മുളയിലേ കരിച്ചു കളയേണ്ട മാരകമായ പകർച്ച വ്യാധി. ജോ തോമസ് തന്റെ കുറിപ്പിൽ പറയുന്നു.

നാൾ കുറെ ആയി ഇത്തരം ക്രിമിനലുകൾക്ക് വിലസാൻ പാകത്തിലുള്ള വിഷം ഈ രാജ്യത്ത് കുത്തി വെക്കപ്പെടാൻ തുടങ്ങിയിട്ട്, ഇത്തരം അക്രമങ്ങൾക്ക് ന്യായീകരണം ആയി വരുന്നവർ പറയുന്നത് അന്യസംസ്ഥാന തൊഴിലാളികൾ ചെയ്ത കുറ്റങ്ങൾ ആണ്.ഏതോ മലയാളികൾ ചെയ്ത കുറ്റത്തിന് നാളെ രാജ്യം മുഴുവൻ ഓടി നടന്നു അടി മേടിക്കാൻ നിങ്ങൾ തയാറാണോ? എന്നും ജോ തോമസ് ചോദിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് വിഴിഞ്ഞം മുക്കോലയിലാണ് കടല എന്നു വിളിപ്പേരുള്ള സുരേഷ് എന്ന ഡ്രൈവറാണ് ആൾക്കാർ നോക്കി നിൽക്കേ അന്യസംസ്ഥാന തൊഴിലാളിയെ മർദ്ദിച്ചത്. ഗൗതം മണ്ഡൽ എന്ന അന്യസംസ്ഥാന തൊഴിലാളി ജോലി കഴിഞ്ഞ് മുക്കോലയിലെ മൊബൈൽ കടയിൽ റീചാർജ് ചെയ്യാൻ വന്നപ്പോഴായിരുന്നു അക്രമം. സംഭവം വിവാദമായതോടെ ഓട്ടോ ഡ്രൈവര്‍ കടല സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജോ തോമസ്ന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ഗൾഫിൽ ജോലി ചെയുന്ന നിങ്ങളുടെ വേണ്ട പെട്ടവരെ, അല്ലെങ്കിൽ നിങ്ങളെ തന്നെ, റോഡിൽ വെച്ച് ഒരറബി വിളിച്ചു ഐഡി കാർഡ് ചോദിക്കുകയും, ചെകിടത്തു ആഞ്ഞടിക്കുകയും ചെയുന്നു എന്ന് വിചാരിക്കുക.
എന്ത് തോന്നും നിങ്ങൾക്ക്.

എന്തിനു ഗൾഫിൽ പോണം.
ബാംഗ്ലൂരിൽ, ബോംബയിൽ, ചെന്നൈയിൽ, ഡൽഹിയിൽ ഇങ്ങനെ ഈ രാജ്യത്ത് പല സംസ്ഥാനങ്ങളിൽ ജോലി ചെയ്യാനും, പഠിക്കാനും, ജോലി അന്വേഷിക്കാനും ഒക്കെ പോയിരിക്കുന്ന നമ്മുടെ വേണ്ടപ്പെട്ടവരെ ആ നാട്ടുകാർ കൈ വെക്കുന്നത് ആലോചിച്ചു നോക്കിക്കേ.
ദേഷ്യവും, വിഷമവും ഒക്കെ വരുന്നില്ലേ??

ഒരു ഓട്ടോക്കാരൻ ഒരു അന്യസംസ്ഥാന തൊഴിലാളിയെ കേട്ടാലറക്കുന്ന തെറി വിളിച്ചു, ചെകിടത്തു ആഞ്ഞടിക്കുന്ന ഒരു വീഡിയോ കാണാൻ ഇട ആയി.

ജീവിക്കാൻ ഒരു തൊഴിലു, ചെയുന്ന, ആ ഓട്ടോ ഒന്ന് പണി മുടക്കിയാൽ അന്നം മുടങ്ങുന്നവനു, ജീവിക്കാൻ പണി എടുക്കുന്നവനോട് പുച്ഛം.
വംശ വെറി.
ഇത്തരം ക്രിമിനലുകൾക്ക് വിലസാൻ പാകത്തിലുള്ള വിഷം ഈ രാജ്യത്ത് കുത്തി വെക്കപ്പെടാൻ തുടങ്ങിയിട്ട് നാൾ കുറെ ആയി.
ഇത്തരം അക്രമങ്ങൾക്ക് ന്യായീകരണം ആയി വരുന്നവർ പറയുന്നത് അന്യസംസ്ഥാന തൊഴിലാളികൾ ചെയ്ത കുറ്റങ്ങൾ ആണ്.
ഏതോ മലയാളികൾ ചെയ്ത കുറ്റത്തിന് നാളെ രാജ്യം മുഴുവൻ ഓടി നടന്നു അടി മേടിക്കാൻ നിങ്ങൾ തയാറാണോ??

ഇവനെ പോലുള്ള ക്രിമിനിനലുകളെ പിടിച്ചു അകത്തിടാൻ സർക്കാരും പോലീസും മുൻ കൈ എടുക്കണം.

ഇതൊരു പകർച്ച വ്യാധി ആണ്.
മുളയിലേ കരിച്ചു കളയേണ്ട മാരകമായ പകർച്ച വ്യാധി .