കേരളം തീവ്രവാദ ഫാക്ടറി: കേരള സർക്കാരിനെ പരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏർപ്പെടുത്തണമെന്ന് ബിജെപി നേതാവ് ശോഭ കരന്തലജെ

single-img
23 February 2020

കൊല്ലം കുളത്തൂപ്പുഴയില്‍ പാക് നിര്‍മ്മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് കർണാടകയിലെ ബിജെപി എംപി ശോഭ കരന്തലജെ. കേരളത്തിലെ സർക്കാരിന് പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് അവർ ആവശ്യപ്പെട്ടത്. ട്വിറ്ററിലൂടെയാണ് ശോഭ ഈ ആവശ്യം ഉന്നയിച്ചത്.

കേരളത്തെ തീവ്രവാദ കേന്ദ്രമെന്നാണ് ശോഭ വിശേഷിപ്പിച്ചത്. കേരളം തീവ്രവാദ ഫാക്ടറിയാകുന്നു എന്ന ചോദ്യചിഹ്നത്തോടെയാണ് ശോഭ കരന്തലജെയുടെ ട്വീറ്റ് ആരംഭിക്കുന്നത്. ‘പൊലീസിന്റെ ആയുധ ശേഖരത്തില്‍ നിന്ന് വെടിയുണ്ടകളും തോക്കുകളും കാണാതാകുന്നു. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ഹിന്ദുക്കള്‍ വേട്ടയാടപ്പെടുന്നു. ഇപ്പോള്‍ പാക് നിര്‍മ്മിത വെടിയുണ്ടകളും കൊല്ലത്ത് കണ്ടെത്തുന്നു. കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തേണ്ട സമയമായി’- എന്ന് ട്വീറ്റില്‍ ശോഭ കരന്തലജെ പറയുന്നു.

കുളത്തൂപ്പുഴ മുപ്പത്തടി പാലത്തിന് സമീപത്തു നിന്നാണ് 14 പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയത്. സംഭവത്തിൽ കേന്ദ്ര ഏജൻസികളായ എൻഐഐയും മിലിട്ടറി ഇന്‍റലിജന്‍സും അന്വേഷണം തുടങ്ങിയിട്ടുണ്ട്.