ഷഹീന്‍ ബാഗ് സമരം സമാധാനപരം, പ്രശ്നങ്ങളുണ്ടാക്കുന്നത് പോലീസ്: സുപ്രീംകോടതിക്ക് മധ്യസ്തരുടെ റിപ്പോര്‍ട്ട്

single-img
23 February 2020

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദല്‍ഹിയിലെ ഷഹീന്‍ബാഗില്‍ തുടരുന്ന പ്രതിഷേധ സമരം സമാധാനപരമാണെന്ന് സുപ്രീംകോടതി നിയോഗിച്ച മധ്യസ്ത സംഘം റിപ്പോര്‍ട്ട് നല്‍കി. സമരം സമാധാനപരമാണെന്നും ബാരിക്കേഡുകള്‍ സ്ഥാപിച്ച് യാത്രക്കാര്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത് പോലീസാണെന്നും മുന്‍ ഇന്‍ഫര്‍മേഷന്‍ ചീഫ് കമ്മീഷണര്‍ വജാഹത്ത് ഹബീബുല്ല സുപ്രീം കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഷഹീന്‍ബാഗ് സന്ദര്‍ശിച്ച് സമരക്കാരോട് ചര്‍ച്ച നടത്താന്‍ ജസ്റ്റിസുമാരായ എസ്കെ കൗള്‍, കെഎം ജോസഫ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹബീബുല്ല സമരവേദി സന്ദര്‍ശിച്ചത്.

ഇതേ നിലപാട് തന്നെയാണ് സാമൂഹിക പ്രവര്‍ത്തകന്‍ സയ്യിദ് ബഹാദൂര്‍ അബ്ബാസ് നഖ്‌വിയും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും സംയുക്തമായി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും പറഞ്ഞിരിക്കുന്നത്.

ഷഹീന്‍ ബാഗിലെ സമരം സംബന്ധിച്ച ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കേയാണ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഷഹീന്‍ ബാഗില്‍നിന്ന് സമരക്കാരെ നീക്കി ഗതാഗതം സുഗമമാക്കണമെന്ന ഹരജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. സമാധാനപരമായും നിയമപരമായും പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് മൗലികാവകാശമുണ്ടെങ്കിലും റോഡുകള്‍ തടയുന്നത് അരാജകത്വം സൃഷ്ടിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.