അയോധ്യയിലെ രാമക്ഷേത്രം പൂര്‍ത്തിയാകാന്‍ മൂന്നര വര്‍ഷം എടുക്കുമെന്ന് ട്രസ്റ്റ് അംഗം

single-img
23 February 2020

ജയ്പൂർ: അയോധ്യയിലെ നിർദ്ദിഷ്ട രാമക്ഷേത്രത്തിന്‍റെ പണി പൂർത്തിയാകാന്‍ മൂന്ന് വര്‍ഷത്തില്‍ അധികം വേണ്ടിവരുമെന്ന് ശ്രീ രാമ ജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റിന്റെ ട്രഷറർ ഗോവിന്ദ് ദേവ്. രാമക്ഷേത്ര നിര്‍മാണത്തിന് വിശ്വാസികളിൽനിന്ന് സാമ്പത്തികസഹായം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“അക്ഷർധാം ക്ഷേത്രം മൂന്നു വർഷംകൊണ്ട് പണികഴിച്ചതാണ്. മൂന്ന് വർഷത്തിനുള്ളിൽ (പട്ടേലിന്റെ)ഏകതാ പ്രതിമയും നിര്‍മിച്ചു. മൂന്നോ മൂന്നരയോ വർഷത്തിനുള്ളിൽ ശ്രീരാമന്റെ മഹാക്ഷേത്രം അവിടെ സാക്ഷാത്കരിക്കപ്പെടുമെന്നും ഞങ്ങൾ വിചാരിക്കുന്നു.” ഗിരിജി മഹാരാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആളുകളിൽ നിന്നുള്ള സാമ്പത്തിക സഹകരണം സ്വീകരിക്കുമോ എന്നചോദ്യത്തിന്, “ഇഷ്ടികകൾ അയയ്ക്കുന്ന ആവേശത്തോടെ ആളുകൾ രാമക്ഷേത്ര നിർമാണത്തിനായി പണവും സംഭാവന ചെയ്യും. ജനപിന്തുണയും ഫണ്ടും ഉപയോഗിച്ചാണ് രാമക്ഷേത്രം പൂർത്തിയാക്കുക’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ക്ഷേത്രനിർമാണ സമിതിയുടെ നിര്‍ദ്ദേശം ലഭിച്ചതിന് ശേഷം മാത്രമേ നിര്‍ദ്ദിഷ്ട സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തങ്ങള്‍ ആരംഭിക്കുകയുള്ളൂ. നിപ്രേന്ദ്ര മിശ്ര അധ്യക്ഷനായ നിര്‍മാണ കമ്മിറ്റി 15 ദിവസത്തിനുള്ളിൽ ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ സമർപ്പിക്കും. അദ്ദേഹം വ്യക്തമാക്കി.