ഒരേയൊരു രാജാവ്; വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഹാട്രിക് ഗോളോടെ മെസ്സിയുടെ രാജകീയ തിരിച്ചുവരവ്

single-img
23 February 2020

ബാഴ്‌സലോണ: ‘രാജാവിനെതിരെ വാളോങ്ങിയാൽ കൊന്നിരിക്കണം,ഇല്ലെങ്കിൽ തിരികെ വരുന്ന രാജാവ് അജയ്യനായിരിക്കും’. മെസ്സിയെ ഒറ്റ വാക്യത്തിൽ നമ്മുക്ക് ഇങ്ങനെ വർണ്ണിക്കാം.ഒരോയൊരു രാജാവ്. കാൽപ്പന്തുകളിയിൽ മെസ്സിയെ എന്തു കൊണ്ട് രാജാവ് എന്ന് വിളിക്കുന്നു എന്നതിന് തെളിവാണ് ഇന്നലെ ലാ ലിഗയില്‍ ഐബറിനെതിരായ മത്സരത്തില്‍ ഹാട്രിക് ഉള്‍പ്പെടെ മെസി നേടിയ നാല് ഗോളുകൾ.

വിമര്‍ശനങ്ങള്‍ക്ക് കാലുകൊണ്ടാണ് ബാഴ്‌സലോണ താരം ലിയോണല്‍ മെസി ഇന്നലെ മറുപടി നല്‍കിയത്. മെസിയുടെ കരുത്തില്‍ ഐബറിനെ എതിരില്ലാത്ത അഞ്ച് ഗോളിന് ബാഴ്‌സ തകര്‍ത്തു. അര്‍തര്‍ മെലോയുടെ വകയായിരുന്നു ബാഴ്‌സയുടെ മറ്റൊരു ഗോള്‍. ഇതോടെ താല്‍ക്കാലത്തേക്കെങ്കിലും ബാഴ്‌സ ഒന്നാമതെത്തി. 25 മത്സരങ്ങളില്‍ 55 പോയിന്റാണ് അവര്‍ക്കുള്ളത്. ഒരു മത്സരം കുറച്ച് കളിച്ച റയല്‍ മാഡ്രിഡ് 53 പോയിന്റുമായി രണ്ടാമതാണ്.

സ്പാനിഷ് ലീഗ് ഉൾപ്പെടെ വിവിധ ടൂർണമെന്റുകളിലായി 398 മിനിറ്റു നീണ്ട അപ്രതീക്ഷിത ഗോൾവരൾച്ചയ്ക്കാണ് ഐബറിനെതിരെ ഗോൾമഴ പെയ്യിച്ച് ലയണൽ മെസ്സി പരിഹാരം കണ്ടത്. കഴിഞ്ഞ നാല് മത്സരങ്ങളില്‍ മെസി ഗോള്‍ നേടിയിട്ടില്ലെന്നുള്ളതായിരുന്നു താരത്തിനെതിരെയുണ്ടായിരുന്ന പ്രധാന വിമര്‍ശനം.അതിനെല്ലാമുള്ള മറുപടിയാണ് ഇന്നലെ ഗ്രൗണ്ടില്‍ കണ്ടത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ 14, 37, 40 മിനിറ്റുകളിലായി തന്നെ മെസി ഹാട്രിക് പൂര്‍ത്തിയാക്കിയിരുന്നു. കളിതീരാന്‍ മൂന്ന് മിനിറ്റ് മാത്രം ശേഷിക്കെ ഒരിക്കല്‍ കൂടി സ്കോര്‍ചെയ്ത മെസി ഗോള്‍നേട്ടം നാലായി ഉയര്‍ത്തി. ലയണൽ മെസ്സി ഹാട്രിക് സഹിതം നാലു ഗോളുമായി മിന്നിത്തിളങ്ങിയ മത്സരത്തിൽ ഐബറിനെ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കാണ് ബാർസ തകർത്തത്.