നമസ്‌തേ ട്രംപ് പരിപാടി നാളെ; ഗുജറാത്തില്‍ സുരക്ഷ ശക്തമാക്കി

single-img
23 February 2020

അഹമ്മദാബാദ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും കുടുംബത്തേയും വരവേല്‍ക്കാനൊരുങ്ങി ഗുജറാത്ത്. ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.ട്രംപിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്നു. അഹമദാബാദില്‍ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.

വിമാനത്താവളം മുതല്‍ സ്‌റ്റേഡിയം വരെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.17000 ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥര്‍, എസ്പിജി, യുഎസ് പ്രസിഡന്റിന്റെ സുരക്ഷാ വിഭാഗമായ സീക്രട്ട് സര്‍വീസ് എന്നിവരോടൊപ്പം ആയുധധാരികളായ ഇന്ത്യന്‍ സൈനികരും സുരക്ഷയ്ക്കായി അണിനിരക്കും.സീക്രട്ട് സര്‍വീസിന്റെ അത്യാധുനിക സുരക്ഷാവാഹനങ്ങള്‍ കഴിഞ്ഞ ദിവസം വാഷിങ്ടണില്‍ നിന്ന് ഗുജറാത്തിലെത്തിയിട്ടുണ്ട്.

സുരക്ഷാ സേനയുടേതല്ലാത്ത ഡ്രോണുകള്‍ ആന്റി ഡ്രോണ്‍ സംഘം വെടിവച്ചു വീഴ്ത്തും. പരിപാടി തുടങ്ങുന്നതിന് മൂന്നു മണിക്കൂര്‍ മുന്‍പ് കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കും. വിഐപികള്‍ക്ക് ഒരു മണിക്കൂര്‍ മുന്‍പ് പ്രവേശിക്കാം. പരിപാടി കഴിഞ്ഞ് ട്രംപ് ഡല്‍ഹിക്ക് മടങ്ങിയ ശേഷം മാത്രമേ അഹമ്മദാബാദ് വിമാനത്താവളത്തിലെ രാജ്യാന്തര ടെര്‍മിനല്‍ സാധാരണ യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുകയുള്ളു.