ബഹുമുഖപ്രതിഭയായ നരേന്ദ്രമോദിക്ക് എന്‍റെ നന്ദി ;ജസ്റ്റിസ് അരുണ്‍ മിശ്രയുടെ മോദി സ്തുതിയെ വിമര്‍ശിച്ച് മാര്‍ക്കണ്ഡേയ കട്‍ജു

single-img
23 February 2020

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയ സുപ്രീംകോടതി ജഡ്‍ജി, ജസ്റ്റിസ് അരുണ്‍ മിശ്രയെ വിമര്‍ശിച്ച് മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്‍ജു. ‍ട്വിറ്ററിലൂടെയാണ് അരുണ്‍ മിശ്രയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുന്‍ ജസ്റ്റിസ് രം​ഗത്തെത്തിയിരിക്കുന്നത്. ”സുപ്രീം കോടതി ജഡ്ജ് എങ്ങനെയായിരിക്കണം ? അരുണ്‍ മിശ്രയപ്പോലെയിരിക്കണം” എന്നാണ് കട്‍ജു ട്വീറ്റ് ചെയ്തത്. സുപ്രീം കോടതി ജഡ്ജുമാർ രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്നത് ശുഭസൂചകമല്ലെന്നാണ് വിമർശനം.

സുപ്രീംകോടതി സംഘടിപ്പിച്ച അന്താരാഷ്ട്ര ജുഡീഷ്യൽ കോൺഫറൻസിലാണ് അരുണ്‍ മിശ്ര മോദിയെ സ്തുതിച്ച് രംഗത്തെത്തിയത്.”ജുഡീഷ്യറിയും മാറുന്ന കാലവും” എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ മോദി പരാമർശം. ”സ്വാഭിമാനത്തോടെ മനുഷ്യർ നിലനിൽക്കുന്നതിനാണ് നമ്മുടെ ആദ്യ പരിഗണന വേണ്ടത്. ലോകനിലവാരത്തിൽ ചിന്തിക്കുകയും, അത് ഇവിടെ നടപ്പാക്കുകയും ചെയ്യുന്ന (who thinks globally and acts locally) ബഹുമുഖപ്രതിഭയായ നരേന്ദ്രമോദിക്ക് എന്‍റെ നന്ദി. അദ്ദേഹത്തിന്‍റെ പ്രസംഗം പ്രചോദിപ്പിക്കുന്നതാണ്. ഈ കോൺഫറൻസിന്‍റെ അജണ്ട സെറ്റ് ചെയ്യാൻ അദ്ദേഹത്തിന്‍റെ പ്രസംഗത്തിന് കഴിഞ്ഞു”, എന്നാണ് ജസ്റ്റിസ് മിശ്ര പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്ന ശേഷം നിയമമന്ത്രി രവിശങ്കർ പ്രസാദിന്‍റെ സഹകരണത്തോടെ 1500 കാലഹരണപ്പെട്ട നിയമങ്ങളെങ്കിലും എടുത്തു കളഞ്ഞെന്നും, മോദിയുടെ കാലത്ത് ഇന്ത്യ, ലോകരാജ്യങ്ങൾക്കിടയിൽ ഉത്തരവാദിത്തമുള്ള അംഗമായി മാറിയെന്നും ജസ്റ്റിസ് അരുൺ മിശ്ര പറയുകയുണ്ടായി. ഇതിനായി ”അധീശത്വത്തിൽ” (stewardship) എന്ന വാക്കാണ് അരുൺ മിശ്ര ഉപയോഗിച്ചത്ജുഡീഷ്യറിക്ക് വെല്ലുവിളികൾ ഉയരുന്നതിൽ അദ്ഭുതമില്ലെന്നും, മാറുന്ന കാലത്ത്, ജുഡീഷ്യറിക്ക് അതിൽ നിർണായക പങ്ക് വഹിക്കാനുണ്ടെന്നും അരുൺ മിശ്ര ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി സംഘടിപ്പിക്കുന്ന രാജ്യാന്തര ജുഡീഷ്യൽ കോൺഫറൻസ് ഉദ്ഘാടനം ചെയ്തത് നരേന്ദ്ര മോദിയാണ് . ബ്രിട്ടൻ സുപ്രീം കോടതി പ്രസിഡന്റ് ലോർഡ് റോബർട്ട് ജോൺ റീഡ് ഉൾപ്പടെ വിദേശ രാജ്യങ്ങളിലെ 20-ൽ അധികം ന്യായാധിപൻമാർ രണ്ടുദിവസം നീണ്ടുനിൽക്കുന്ന കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച കോൺഫറൻസിന്റെ സമാപന സമ്മേളനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സംസാരിക്കും. സുപ്രീം കോടതി ജഡ്ജിന്റെ രാഷ്ട്രീയ പ്രസ്താവനയെ അമ്പരപ്പോടെയാണ് രാജ്യം നോക്കുന്നത്. സുപ്രീം കോടതി സീനിയോരിറ്റിയിൽ മൂന്നാം സ്ഥാനത്താണ് മിശ്ര.

സംഭവത്തിൽ പ്രതികരണവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷണും രംഗത്തെത്തിയിട്ടുണ്ട്. മോദിയും സുപ്രീം കോടതി ജഡ്ജുമാരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്. ‘ഒരു ചിത്രത്തിന് ആയിരം വാക്കുകളേക്കാൾ ശക്തിയുണ്ട്. സുപ്രീം കോടതിയിലെ സഹോദരങ്ങൾക്കൊപ്പം പ്രധാനമന്ത്രി’- എന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്.