ട്രംപിനെ സംരക്ഷിക്കാൻ ലങ്കൂർ കുരങ്ങന്മാർ വരുന്നു

single-img
23 February 2020

ആ​ഗ്ര: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിന്‍റെ ഭാഗമായി രാജ്യത്ത് വലിയ ഒരുക്കങ്ങളാണ് കേന്ദ്രസര്‍ക്കാറിന്‍റെ നിര്‍ദ്ദേശപ്രകരാം നടക്കുന്നത്. ട്രംപിനെ രക്ഷിക്കാൻ ലങ്കൂർ കുരങ്ങന്മാരെ രംഗത്തിറക്കുന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. ആ​ഗ്രയിലെ കുരങ്ങുകളുടെ ആക്രമണത്തിൽ നിന്നും ട്രംപിനെ സംരക്ഷിക്കാൻ ലങ്കൂർ (നീളമുള്ള വാലുള്ള കുരങ്ങുകൾ) കുരങ്ങുകളെ വിന്യസിക്കുന്നതായാണ് വാർത്തകൾ.

കനത്ത സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നിട്ടും, ആഗ്ര നഗരത്തിൽ കുരങ്ങിന്റെ ആക്രമണം തടയാൻ പ്രയാസമാണെന്ന വിലയിരുത്തലിനെ തുടർന്നാണിത് എന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ട്രംപിന്റെ സുരക്ഷയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ അദ്ദേഹം സഞ്ചരിക്കുന്ന വഴിയിൽ അഞ്ച് ലങ്കൂർ കുരങ്ങുകളെ വിന്യസിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ലങ്കൂർ കുരങ്ങുകളെ മറ്റു കുരങ്ങുകൾക്ക് ഭയമാണ് എന്നാണ് പൊതുവെ പറയപ്പെടുന്നത്.

നേരത്തെ ട്രംപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കുരങ്ങു കൂട്ടത്തെ കെണിവച്ച് പിടികൂടുന്ന അഹമ്മദാബാദ് വിമാനത്താവള അധികൃതരുടെ വാർത്ത പുറത്തുവന്നിരുന്നു. പിടിയിലായ 50ലധികം കുരങ്ങുകളെയാണ് കിലോമീറ്ററുകൾക്കപ്പുറമുള്ള വനപ്രദേശത്ത് തുറന്നു വിട്ടിരുന്നത്.