താടി വടിച്ചാലും ഡൈ ചെയ്താലും അയാളിന്നും ആത്യന്തികമായി സ്ത്രീവിരുദ്ധതയും ട്രാന്‍സ്ജെന്‍ഡര്‍ വിരുദ്ധതയും അശാസ്ത്രീയതയും മാത്രം പ്രചരിപ്പിക്കുന്ന അങ്ങേയറ്റം അശ്ലീലമായൊരു ജീവിയാണ്: രജിത് കുമാറിൻ്റെ സാമൂഹ്യ വിരുദ്ധത എണ്ണിപ്പറഞ്ഞ് കുറിപ്പ്

single-img
23 February 2020

ഏഷ്യാനെറ്റിൻ്റെ ബിഗ് ബോസ് ഗയിമിലെ അംഗങ്ങളിലൊരാളായ രജിത് കുമാറിൻ്റെ സാമൂഹ്യ വിരുദ്ധത എണ്ണിപ്പറഞ്ഞ് കുറിപ്പ്. ഹരിമോഹനാണ് ഫേസ്ബുക്കിലൂടെ കുറിപ്പുമായി രംഗത്തെത്തിയത്. താടി വടിച്ചാലും ഡൈ ചെയ്താലും രജിത് കുമാറിൻ്റെ സ്വഭാവത്തിന് മാറ്റമുണ്ടാകുന്നില്ലെന്നും,  അയാളിന്നും ആത്യന്തികമായി സ്ത്രീവിരുദ്ധതയും ട്രാന്‍സ്ജെന്‍ഡര്‍ വിരുദ്ധതയും അശാസ്ത്രീയതയും മാത്രം പ്രചരിപ്പിക്കുന്ന അങ്ങേയറ്റം അശ്ലീലമായൊരു ജീവിതന്നെയാണെന്നും ഹരിമോഹൻ പറയുന്നു.

കുപ്രസിദ്ധിയൊന്ന് സുപ്രസിദ്ധിയാക്കാനാണ് അയാള്‍ ഇപ്പോള്‍ ബിഗ് ബോസിലെത്തിയതെന്നും അയാളെ ക്ഷണിച്ച ഏഷ്യാനെറ്റിന് ഒരു കുതിരപ്പവനിരിക്കട്ടെയെന്നും ഹരിമോഹൻ പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം: 

ബിഗ് ബോസ് എന്ന പരിപാടി ഇന്നോളം ഒരൊറ്റ എപ്പിസോഡ് പോലും പൂര്‍ണമായി കണ്ടിട്ടില്ല. ഇക്കുറി ആ പരിസരത്തേക്കേ പോയിട്ടില്ല. ഇനി അതിനുദ്ദേശവുമില്ല. പക്ഷേ ജീവിതത്തിലുടനീളം സ്ത്രീവിരുദ്ധതയും ട്രാന്‍സ്ജെന്‍ഡര്‍ വിരുദ്ധതയും അശാസ്ത്രീയതയും, അലങ്കാരവും അഭിമാനവുമായി കൊണ്ടുനടക്കുന്നൊരാള്‍ അതില്‍ പങ്കെടുക്കുന്നുണ്ട് എന്നറിഞ്ഞിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലാണ് അയാളെ ആളുകള്‍ ഇത്രകണ്ട് ആഘോഷമാക്കി എന്നറിയുന്നത്. കാലടി ശ്രീ ശങ്കര കോളേജിലെ ബോട്ടണി അധ്യാപകനും എന്നാല്‍ അങ്ങേയറ്റം അശാസ്ത്രീയത പ്രചരിപ്പിക്കുന്നവനുമായ രജിത് കുമാറിനെക്കുറിച്ചു സംസാരിക്കാന്‍ ഇടത് പ്രൊഫൈലുകള്‍ പോലും സമയം കണ്ടെത്തുന്നതായി കണ്ടു. ഒരുകാലത്ത് ഇയാള്‍ നടത്തിയ അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളെ എതിര്‍ത്തിരുന്നവര്‍ പോലുമിന്ന് ബിഗ് ബോസിലെ എന്തോ പ്രകടനങ്ങളുടെ പേരില്‍ അയാളെ വാഴ്ത്തുന്നു. ഇത്രയധികം അശ്ലീലക്കാഴ്ചകള്‍ കാണേണ്ടിവന്നതു കൊണ്ടുമാത്രമാണ് അയാളെക്കുറിച്ചെഴുതാന്‍ സമയം കണ്ടെത്തുന്നത്.

കാര്യം പറയുമ്പോള്‍ എല്ലാം പറയണമല്ലോ. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്ന് ബോട്ടണിയില്‍ ബിരുദം. പന്തളം എന്‍.എസ്.എസ് കോളേജില്‍ ബോട്ടണി ബിരുദാനന്തര ബിരുദം പഠിച്ച് ഒന്നാം റാങ്കോടെ പാസായി. എം.ഫില്‍, ഡോക്ടറേറ്റ്, മൈക്രോബയോളജിയില്‍. ബി.എഡ്, ലൈബ്രറി സയന്‍സില്‍ ബിരുദം, സൈക്കോതെറാപ്പിയില്‍ എം.എസ്. സര്‍ട്ടിഫിക്കറ്റുകളില്‍ ശാസ്ത്രീയത നിറഞ്ഞുനില്‍ക്കുന്നുണ്ട്. കൈമുതല്‍ മുഴുവന്‍ അശാസ്ത്രീയതയും. വിവിധ കോളേജുകളില്‍ നടക്കുന്ന പരിപാടികളില്‍ ഓടിനടന്ന് സ്ത്രീവിരുദ്ധതയും അശാസ്ത്രീയതയും പ്രസംഗിക്കുന്ന ഒരു ജീവിയായിരുന്നു ആദ്യഘട്ടത്തില്‍ ഇയാള്‍. അവിടെനിന്നാണ് ചാനല്‍ ചര്‍ച്ചകളില്‍ വരെ വന്നിരുന്ന് വിഡ്ഢിത്തം വിളമ്പുന്നതുവരെയും അതുവഴി സെലിബ്രിറ്റി പട്ടം കിട്ടുന്നതുവരെയും രജിത് എത്തിയത്.

2013 ഫെബ്രുവരി ഒമ്പതിനാണ് അയാള്‍ ആദ്യമായി കുപ്രസിദ്ധി നേടുന്നത് എന്നു തോന്നുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ മൂല്യബോധന യാത്രയുടെ സമാപനച്ചടങ്ങ് തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ നടക്കുന്നു. അവിടെ രജിത് നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു- ”ഞാന്‍ ഉള്‍പ്പെടുന്ന പുരുഷവര്‍ഗത്തിന് ജസ്റ്റ് 10 മിനിറ്റ് മാത്രം മതി, അസ് എ ബയോളജിക്കല്‍ സയന്‍സ് ടീച്ചര്‍, 10 മിനിറ്റ് മാത്രം മതി സ്പേം എന്നു പറയുന്നത് പെണ്‍കുട്ടിയുടെ യൂട്രസിലേക്ക് അയക്കാന്‍. പിന്നെ 10 മാസക്കാലം കുഞ്ഞ് വളരേണ്ടത് അമ്മ എന്ന സ്ത്രീയുടെ, പെണ്‍കുട്ടിയുടെ ഗര്‍ഭത്തിലാണ്. അപ്പോള്‍ അതുകൊണ്ടാണ് വിശുദ്ധ ഖുറാന്‍ പഠിപ്പിച്ചത്, സ്ത്രീ അടങ്ങിയൊതുങ്ങി നടക്കണമെന്ന്. ഇഷ്ടപ്പെട്ടില്ല, ഇഷ്ടപ്പെട്ടില്ല. എന്നാല്‍ ഇത് സ്ത്രീകള്‍ക്ക് ഇഷ്ടപ്പെടുന്നില്ല. പയ്യന്‍ ഇവിടുന്ന് ചാടുന്നതിന്റെ അപ്പുറമായിട്ട് എനിക്കും ചാടണം. ആണ്‍കുട്ടികള്‍ ഈ പടികള്‍ ചാടിയിറങ്ങുന്നതുപോലെ നീ ചാടിയിറങ്ങിയാലുണ്ടല്ലോ, ഒന്ന് സ്ലിപ് ചെയ്ത് നീ ബാക്ക്ബോണ്‍ ഇടിച്ച് വീണാല്‍ നിന്റെ യൂട്രസ് സ്ലിപ്പ് ചെയ്ത് പോകും. അതു കഴിഞ്ഞാല്‍ നീ ത്രീ ടു ഫൈവ് ലാക്‌സ് ക്രഡന്‍സിലും മറ്റും കൊടുക്കേണ്ടി വരും, യൂട്രസ് നേരെയാക്കാന്‍. നിനക്ക് കുടുംബമായി ജീവിക്കണമെന്നുണ്ടെങ്കില്‍. ഇല്ലെങ്കില്‍ കുഴപ്പമില്ല കേട്ടോ.” അവിടെയും തീര്‍ന്നില്ല. പിന്നെയുമുണ്ടായിരുന്നു. ”ശാലീന സുന്ദരികള്‍ക്കാണ് ഭര്‍ത്താവിന്റെ സ്നേഹവും ബഹുമാനവും പിടിച്ചു പറ്റാന്‍ കഴിയുക, മേക്കപ്പ് ഒലിച്ചുപോകുമ്പോള്‍ ഭര്‍ത്താവിന്റെ സ്നേഹവും ഇല്ലാതാവും, ആണ്‍കുട്ടികള്‍ ശ്രമിച്ചാല്‍ വളരെ വേഗം വളച്ചെടുക്കാനാവുന്നവരാണ് പെണ്‍കുട്ടികള്‍, 90 ശതമാനം പെണ്‍കുട്ടികളും രക്ഷിതാക്കളോട് കള്ളംപറഞ്ഞ് പ്രേമിച്ച് നടക്കുകയാണ്, സ്ത്രീകളുടെ വസ്ത്രധാരണമാണ് പീഡനത്തിന് കാരണം.” അങ്ങനെ പോയി. പലരും കൈയടിച്ചു. ചിലര്‍ മിണ്ടാതിരുന്നു. ഒരൊറ്റയാള്‍, ഒരൊറ്റ പെണ്‍കുട്ടിയാണ് അതിനെതിരെ അന്നു പരസ്യമായി ആ ഇടത്തില്‍ പ്രതികരിച്ചത്. അവസാനവര്‍ഷ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ഥിനി ആര്യ സുരേഷ്. പരസ്യമായി അവര്‍ കൂവി. എല്ലാം ജീനിന്റെ പ്രശ്നമാണെന്നായിരുന്നു അയാളുടെ മറുപടി. സംഭവം മനുഷ്യാവകാശ കമ്മീഷനു മുന്നിലെത്തി. മുന്‍ എം.എല്‍.എ. ശോഭനാ ജോര്‍ജാണു പരാതി നല്‍കിയത്. കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം അന്വേഷണം നടത്തിയ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ ഗിരിജാദേവി റിപ്പോര്‍ട്ട് നല്‍കി. രജിത് കുമാറിനെ ഋഷിതുല്യനെന്ന് വിശേഷിപ്പിച്ച റിപ്പോര്‍ട്ടില്‍ ആര്യയുടെ പ്രതിഷേധത്തെ വകതിരിവെത്താത്ത പാവം കുട്ടിയുടെ അപക്വപ്രതികരണം എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍, കമ്മീഷന്‍ ഈ റിപ്പോര്‍ട്ട് തളളി. ഒടുവില്‍ നിരുപാധികം മാപ്പു പറഞ്ഞ് രജിത് തലയൂരി.

അന്നും രജിത്തിന് ഒരുകൂട്ടം ഫാന്‍സുണ്ടായിരുന്നു. അതുപക്ഷേ ബിഗ്ബോസിലെ പ്രകടനം കണ്ടിട്ടല്ലെന്നു മാത്രം. അതുകൊണ്ടുതന്നെ അയാളിലെ സ്ത്രീവിരുദ്ധതയ്ക്കും ട്രാന്‍സ് വിരുദ്ധതയ്ക്കും അശാസ്ത്രീയതയ്ക്കും ഒരു കുറവും സംഭവിച്ചില്ല. പിന്നെയും അയാളിതു തുടര്‍ന്നു. ചിലതു പറയാം.

”കണ്ണുകളുടെ നോട്ടത്തിലൂടെ ഹോര്‍മോണ്‍ ഫോം ചെയ്യും. അഞ്ചാം ക്ലാസിലും ആറാം ക്ലാസിലും ഏഴാം ക്ലാസിലും ഉള്ള പെണ്‍കുട്ടികളും അശ്ലീല ബ്ലൂ ഫിലിം കണ്ടാല്‍ ഹോര്‍മോണ്‍ ഫോം ചെയ്യും. ആണ്‍കുട്ടികളും കണ്ടാല്‍ ഫോം ചെയ്യും, ചെവിയിലൂടെ സെക്‌സ് പറഞ്ഞാലും ഫോം ചെയ്യും. രണ്ടും മൂന്നും നാലും വയസുള്ള പെണ്‍കുട്ടിയുടെ ശരീരത്തില്‍ തൊട്ടുകളിച്ചാലും ഹോര്‍മോണ്‍ ഫോം ചെയ്യും. ഇതുകൊണ്ടാണ് കാന്തപുരം സാഹിബ് എന്നെപ്പോലെ പറയുന്നത് തൊട്ടുകളി വേണ്ട എന്ന്. അസ്ഥാനത്ത് തൊട്ട് കളിച്ചാല്‍, പ്രത്യേകിച്ച് കിടിലം പയ്യന്മാര്‍ വക്രബുദ്ധിയില്‍ തൊടേണ്ട രീതിയില്‍ തൊട്ടാല്‍, ഈ പറയുന്ന ഹോര്‍മോണ്‍ തലയിലിരിക്കുന്ന പിറ്റുവിറ്ററി ഹൈപ്പോ തലാമസ് പുറത്തേക്ക് വരും. വരുന്നത് വയറിന്റെ താഴെനിന്നല്ല, തലയില്‍ നിന്നാണ്. കണ്ണുകളിലൂടെ അശ്ലീലം കാണുന്നു തലയിലൂടെ ഇതു വരുന്നു.”

ട്രാന്‍സ്ജെന്‍ഡേഴ്സിനോടുള്ള അയാളുടെ മനോഭാവം എങ്ങനെയായിരുന്നുവെന്ന് ഒരൊറ്റ സ്റ്റേറ്റ്മെന്റ് കേട്ടാല്‍ മതിയാകും. ”പെണ്‍കുട്ടികള്‍ക്ക് ടൈറ്റ് ജീന്‍സ് വാങ്ങിച്ച് ഇട്ടുകൊടുക്കുമ്പൊ ഓവേറിയന്‍ ഫോളിക്കിളുകള്‍ ഡാമേജാകും. ഇത്തരമൊരു പെണ്ണിനെ കെട്ടിയാല്‍ നല്ലൊരു പയ്യന് കുഞ്ഞുങ്ങള്‍ ജനിക്കില്ല. പുരുഷവേഷമായ ജീന്‍സിട്ടാല്‍ പുരുഷ ഹോര്‍മോണ്‍ കൂടും. ഒരു തുള്ളി ഹോര്‍മോണ്‍ അങ്ങോട്ടോ ഇങ്ങോട്ടോ ആയാല്‍ കുഞ്ഞുണ്ടാകില്ല. പുരുഷവേഷം ധരിച്ച സ്ത്രീ, ജീന്‍സും ഷര്‍ട്ടും ധരിച്ച് ഇറങ്ങിയാല്‍ പുരുഷ വേഷമല്ലേ? ഒരു പെണ്‍കുട്ടി പുരുഷവേഷം ധരിക്കുമ്പോള്‍ ഒരു പുരുഷന്‍ പെണ്‍വേഷം ധരിക്കുമ്പോള്‍ നമ്മുടെ ചിന്തകളില്‍ ആരെപ്പോലെ ആണെന്ന് തോന്നും? ചാന്തുപൊട്ട് എന്ന സിനിമയില്‍ അഭിനയിച്ചതിനു ശേഷം ദിലീപ് അതില്‍ നിന്നു മുക്തി നേടാന്‍ രണ്ട് മാസമെടുത്തു. പുരുഷവേഷം കെട്ടിയ സ്ത്രീക്ക് ജനിക്കുന്ന കുഞ്ഞിന് എന്തു സ്വഭാവമായിരിക്കും? ആ കുഞ്ഞുങ്ങളുടെ പേരാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അല്ലെങ്കില്‍ നപുംസകര്‍, ഹിജഡകള്‍. ഇന്ന് ആറു ലക്ഷത്തിലധികം കേരളത്തില്‍ ജനിച്ചുകഴിഞ്ഞിരിക്കുന്നു. പുരുഷന്‍ പുരുഷനായിട്ടും സ്ത്രീ സ്ത്രീയായിട്ടും ഇരുന്നിട്ടാണ് നല്ല മക്കള്‍ ജനിച്ചത്. എന്നാല്‍ സ്ത്രീ തന്റെ സ്ത്രീത്വം നശിപ്പിക്കുകയും പുരുഷന്‍ പുരുഷത്വം അധഃപതിപ്പിക്കുകയും ചെയ്യുമ്പോള്‍ ജനിക്കുന്ന കുഞ്ഞ് കാഴ്ചയില്‍ പെണ്ണായും സ്വാഭവം ആണിന്റെതായിരിക്കും. ഇങ്ങനെ ജനിക്കാന്‍ പോകുന്ന കുട്ടികള്‍ ട്രാന്‍സ്‌ജെന്‍ഡറുകളായിരിക്കും. ഇന്നത്ത തലമുറയില്‍ കാണുന്ന പല കഥാപാത്രങ്ങളുടെയും അടുത്ത തലമുറ വരാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. കാരണം, ഞാന്‍ വിളിച്ച് പറഞ്ഞത് സത്യങ്ങളാണ്.”

നിഷേധികളായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ജനിക്കാന്‍ പോകുന്നത് ഓട്ടിസം ബാധിച്ച കുട്ടികളായിരിക്കുമെന്നൊരു അവകാശവാദവുമുണ്ട് ഈ ബോട്ടണി അധ്യാപകന്റേതായിട്ട്. ”ജീന്‍സ് ഇട്ട് മോശമായാലും അണ്ഡം മോശമായാലും വീട് മോശമായാലും വരുന്നത് ഓട്ടിസം ബാധിച്ച കുട്ടികളാണ്. യൂറോപ്പിലുള്ളവര്‍ക്ക് പടച്ചോന്‍ ശിക്ഷ കൊടുത്തുകഴിഞ്ഞു.” കാന്തപുരത്തെ തോല്‍പ്പിക്കും ഇയാള്‍.

ഇതിനിടയില്‍ രജിത്തിനെക്കൊണ്ടു പൊറുതിമുട്ടിയ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ അയാളുടെ സേവനം വേണ്ടെന്നു പ്രഖ്യാപിച്ചു. പിന്നീട് അയാളെ ബോധവത്കരണ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് ഇപ്പോഴത്തെ സര്‍ക്കാരും കര്‍ശന നിര്‍ദേശം നല്‍കി. ബോധവത്കരണവുമായി മുള്ളിത്തെറിച്ച ബന്ധം പോലുമില്ലാത്തതു കൊണ്ടാവണം കുപ്രസിദ്ധിയൊന്ന് സുപ്രസിദ്ധിയാക്കാന്‍ അയാള്‍ ഇപ്പോള്‍ ബിഗ് ബോസിലെത്തിയത്. അയാളെ ക്ഷണിച്ച ഏഷ്യാനെറ്റിനിരിക്കട്ടെ ഒരു കുതിരപ്പവന്‍. താടി വെട്ടിയതു കൊണ്ടോ മുടിയും താടിയും ഡൈ ചെയ്തതുകൊണ്ടോ റദ്ദാകുന്നതൊന്നുമല്ല രജിത് ഇന്നോളം നടത്തിയ പ്രസ്താവനകളൊന്നും, അയാള്‍ പ്രചരിപ്പിച്ച ശാസ്ത്രവിരുദ്ധതകളൊന്നും. ആ ഫ്ലോറില്‍ നിന്ന് വിജയിയായോ പുറത്തായോ വീണ്ടും പഴയ ഇടത്തിലേക്ക് അയാളെത്തും. ഇന്നോളം പറഞ്ഞതൊക്കെയും വീണ്ടും ആവര്‍ത്തിക്കും. അന്നും പറയാം, ഈ രജിത്തിനെയായിരുന്നില്ല ഞങ്ങള്‍ ഇഷ്ടപ്പെട്ടതെന്ന്. നല്ല സംഘി മോശം സംഘി എന്നൊന്നില്ല സുഹൃത്തുക്കളേ. താടി വടിച്ചാലും ഡൈ ചെയ്താലും അയാളിന്നും ആ രജിത് കുമാര്‍ തന്നെയാണ്. ആത്യന്തികമായി സ്ത്രീവിരുദ്ധതയും ട്രാന്‍സ്ജെന്‍ഡര്‍ വിരുദ്ധതയും അശാസ്ത്രീയതയും മാത്രം പ്രചരിപ്പിക്കുന്ന അങ്ങേയറ്റം അശ്ലീലമായൊരു ജീവി. അതു മാത്രമാണയാള്‍. നിങ്ങള്‍ പറയുന്ന ലോജിക്കൊന്നും ഉള്‍ക്കൊള്ളാനുള്ള വിശാല മനസ്കതയൊന്നും എനിക്കില്ല.