സ്ഥിതി അതീവ ​ഗുരുതരം, നിയന്ത്രണ വാതിലുകൾ അടയുന്നു; കൊറോണ വെെറസിനു മുന്നിൽ പകച്ച് ലോകരാജ്യങ്ങൾ

single-img
23 February 2020

ബെയ്ജിങ് : ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ്19 (കൊറോണ വെെറസ്) നിയന്ത്രണാതീതമായി തുടരുന്നു. സ്ഥിതി അതീവ ​ഗുരുതരമാണെന്നും കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള വാതിലുകൾ അടയുന്നതായും ലോകാരോഗ്യ സംഘടന പ്രതികരിച്ചു. കോവിഡ് ബാധ ഇനിയും അതിന്റെ പാരമ്യത്തിലെത്തിയിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും പ്രസിഡന്റ് ഷി ചിൻ പിങ് പറഞ്ഞു. പ്രതിദിന കണക്കുകളിൽ കുറവുണ്ടെങ്കിലും സ്ഥിതി അതീവ ഗുരുതരം തന്നെയാണെന്ന് കമ്യൂണിസ്റ്റ് പാർട്ടി പൊളിറ്റ് ബ്യൂറോയിൽ അദ്ദേഹം സൂചിപ്പിച്ചു.

Support Evartha to Save Independent journalism

ചൈന കഴിഞ്ഞാൽ ഇറ്റലിയിലും, ദക്ഷിണ കൊറിയയിലുമാണ് കൊറോണ വൈറസ് കൂടുതൽ സ്ഥിരീകരിച്ചത്. അതേസമയം ലോകമാകെയുള്ള കണക്കുകൾ പ്രകാരം കോവിഡ് മരണം 2363 ആയി. ചൈന: 2345, ഇറാൻ: 5 , ജപ്പാൻ, ദക്ഷിണ കൊറിയ: 3 വീതം, ഹോങ്കോങ്, ഇറ്റലി: 2 വീതം, തയ്‍വാൻ, ഫിലിപ്പീൻസ്, ഫ്രാൻസ്: 1 വീതം എന്നിങ്ങനെയാണ് കണക്കുകൾ. വൈറസ് ബാധിച്ചുള്ള രണ്ടാമത്തെ മരണം ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തതോടെ യൂറോപ്പും ഭീതിയിലായി. . ഇറ്റലിയിലെ പത്ത് നഗരങ്ങളിൽ സർക്കാർ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഇറ്റലിയിലെ പല നഗരങ്ങളിലും പള്ളി കുർബാനകളും ഷോപ്പിങ് മേളകളും കായിക മത്സരങ്ങളുമെല്ലാം നിർത്തി വച്ചിരിക്കുകയാണ്.

ഇസ്രായേലിലും, ലെബനനിലും ആദ്യമായി കൊറോണ സ്ഥിരീകരിച്ചിട്ടരണ്ട്. തെക്കൻ കൊറിയയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 433 ആയി. തെക്കൻ കൊറിയൻ പൗരൻമാർക്ക് ഇസ്രായേലിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. അതേസമയം കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾക്ക് 10 കോടി യുഎസ് ഡോളർ സംഭാവന ചെയ്ത ബിൽ ഗേറ്റ്സിന് നന്ദി അറിയിച്ച് ചെെനീസ് പ്രസിഡന്റ് ഷി ചിൻപിങ് കത്തയച്ചു.