‘കിണറ്റിൽ നിന്നും ഒരു ഫോൺ കോൾ, ആരെങ്കിലും രക്ഷിക്കോ’; യുവതിയെ രക്ഷിച്ചു താരമായി എസ്ഐ

single-img
23 February 2020

തിരൂർ : കിണറ്റിൽ നിന്നും വന്ന ഫോൺ കോളിൽ സമയോചിത ഇടപെടൽ നടത്തി യുവതിയെ രക്ഷിച്ച് സ്ഥലം എസ്ഐയും നാട്ടുകാരും. ഉത്സവം കാണാനെത്തിയ യുവതിയാണ് ഫോൺ ചെയ്യുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണത്. കതിരൂരിലെ പ്രസിദ്ധമായ വൈരങ്കോട് ഉൽസവത്തിനിടെയാണു സംഭവം. കിണറ്റിൽ വീണ കാര്യം യുവതി തന്നെയാണു ഫോണിൽ വിളിച്ചു ബന്ധുക്കളെ അറിയിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ്ഐയാണ് സാഹസികമായി യുവതിയെ രക്ഷിച്ചത്.

അഗ്നിശമനസേന എത്താൻ വൈകിയതോടെയാണ് തിരൂർ സ്റ്റേഷനിലെ എസ്ഐ ജലീൽ കറുത്തേടത്ത് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. റോഡ് ബ്ലോക്കായിരുന്നതിനാൽ ഫയർഫോഴ്സ് എത്താൻ വൈകിയതിനാലാണ് എസ്ഐ തന്നെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. കിണറ്റിനുള്ളിൽ ഒരാളുടെ മുക്കാൽ പൊക്കത്തിൽ വെള്ളമുണ്ടായിരുന്നു. നെഞ്ച് വരെ വെള്ളത്തിൽ മുങ്ങിയാണു യുവതി നിന്നിരുന്നത്. മുൻപു ഫയർഫോഴ്സിൽ ജോലി ചെയ്ത പരിചയമാണ് തുണയായതെന്ന് ജലീൽ എസ്ഐ പറഞ്ഞു.

കിണറുകൾ കൃത്യമായി മൂടാത്തതാണ് ഇത്തരത്തിൽ അപകടങ്ങൾക്കു കാരണം. ഇത്തരം കേസുകൾ അഗ്നിശമന സേനയിൽ നിരവധി വരാറുണ്ട്. കിണറ്റിൽ വെള്ളം കുറവായതാണ് വലിയ അപകടം സംഭവിക്കാതിരിക്കാൻ കാരണമായത്. ഇനിയെങ്കിലും ഇതിൽ ശ്രദ്ധ വേണമെന്നും എസ്ഐ ജലീൽ നിർദ്ദേശം നൽകി.