പൊതുസ്ഥലങ്ങളിൽ ഇനി ബുർഖ വേണ്ട; മതത്തിൻ്റെ പേരിലുള്ള രാഷ്ട്രീയപാർട്ടികളും വേണ്ട: കടുത്ത തീരുമാനവുമായി ശ്രീലങ്ക

single-img
22 February 2020

പൊതുസ്ഥലങ്ങളിൽ ബുർഖ നിരോധിക്കാനുള്ള ശുപാർശയുമായി ശ്രീലങ്കൻ പാർലമെൻ്റ് രംഗത്ത്.മതത്തിന്റെയോ പ്രത്യേക വിശ്വാസത്തിന്റെ ജനസമൂഹത്തിന്റെയോ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയപാർട്ടികളെ നിരോധിക്കാനും അവരുടെ റജിസ്ട്രേഷൻ റദ്ദാക്കാനും ശുപാർശയുണ്ട്. രാജ്യസുരക്ഷ കൈകാര്യം ചെയ്യുന്ന പാർലമെന്ററി കാര്യസമിതിയാണ് പാർലമെന്രിൽ ഇതുസംബന്ധിച്ച ശുപാർശ സമർപ്പിച്ചത്. 

മലിത് ജയതിലക എംപിയുടെ നേതൃത്വത്തിലുള്ള സമിതി വ്യാഴാഴ്ചയാണ് റിപ്പോർട്ട് പാർലമെന്റിന്റെ പരിഗണനയ്ക്ക് വച്ചത്. കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ 250 പേരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സമിതിയുടെ ശുപാർശ.

സമിതിയുടെ റിപ്പോർട്ടിൽ ബുർഖ നിരോധിച്ച നിരവധി രാജ്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. പൊതുസ്ഥലത്ത് മുഖം മറച്ച് പ്രത്യക്ഷപ്പെട്ടാൽ ആളെ തിരിച്ചറിയാനാകുന്ന തരത്തിൽ മുഖാവരണം മാറ്റാൻ പൊലീസിന് അധികാരം നൽകണമെന്നും ശുപാർശയിലുണ്ട്. അനുസരിച്ചില്ലെങ്കിൽ ഉടനടി പൊലീസിന് ഇയാളെ അറസ്റ്റ് ചെയ്യാൻ അധികാരം നൽകണം. അതിന് വാറണ്ട് വാങ്ങേണ്ടതില്ല – എന്നാണ് റിപ്പോർട്ടിലെ മറ്റൊരു പ്രധാന ശുപാർശ.

മതാടിസ്ഥാനത്തിലോ, ഒരു പ്രത്യേക വിശ്വാസം പിന്തുടരുന്നവരുടെ പേരിലോ ഉള്ള രാഷ്ട്രീയ പാർട്ടികളെ രാജ്യത്ത് പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന ശുപാർശയിലൂടെ തമിഴ് വംശജരുടെ പേരിലുള്ള രാഷ്ട്രീയ പാർട്ടികളെ നിരോധിക്കാനാണ് നീക്കം..പുതുതായി രൂപീകരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിക്കും അത്തരം പേരുകൾ അനുവദിക്കരുതെന്നും ശുപാർശയുണ്ട്. നിലവിൽ അത്തരം പേരുകളിൽ പ്രവർത്തിക്കുന്ന പാർട്ടി, ഉടനടി മതാടിസ്ഥാനത്തിൽ പ്രവർത്തിക്കില്ല എന്ന് എഴുതിനൽകണമെന്നും അത്തരത്തിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ അനുവദിക്കണമെന്നും ശുപാർശയിൽ പറയുന്നു. 

മദ്രസകളിൽ പഠിക്കുന്ന കുട്ടികളെയെല്ലാം മൂന്ന് വർഷത്തിനകം സർക്കാർ നിഷ്കർഷിക്കുന്ന പഠനസമ്പ്രദായമുള്ള സ്കൂളുകളിലേക്ക് മാറ്റണമെന്നും ശുപാർശയിലുണ്ട്.