കുടുംബാംഗങ്ങളുമായി അവസാന കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങിക്കൊള്ളാൻ നിർദ്ദേശം; രണ്ടു ദിവസം മുമ്പ് ആരാച്ചാരെ അയയ്ക്കാനാവശ്യപ്പെട്ട് കത്തും അയച്ചു: നാലുപേര്‍ക്കും മാര്‍ച്ച് 3 ന് വധശിക്ഷ

single-img
22 February 2020

നിർഭയ കേസിലെ പ്രതികൾക്ക് വധശിക്ഷ നടപ്പാക്കാന്‍ പോകുന്നതിൻ്റെ കൃത്യമായ സൂചന നല്‍കി ജയിൽ അധികൃതർ. കുടുംബാംഗങ്ങളുമായി അവസാന കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങാന്‍ ആവശ്യപ്പെട്ട് നിര്‍ഭയ കൂട്ട ബലാത്സംഗക്കേസിലെ നാലു പ്രതികള്‍ക്കും തീഹാര്‍ ജയിൽ കത്തയച്ചു. നാലുകുറ്റവാളികളെയും തൂക്കിലേറ്റാന്‍ ഉദ്ദേശിക്കുന്ന മാര്‍ച്ച് 3 ന് രണ്ടു ദിവസം മുമ്പ് ആരാച്ചാരെ അയയ്ക്കണം എന്നാവശ്യപ്പെട്ട് ജയില്‍ അധികൃതര്‍ യുപി ജയില്‍ അധികൃതര്‍ക്കും കത്തയച്ചിട്ടുണ്ട്. 

നാലു പ്രതികളില്‍ മുകേഷും പവനും ഫെബ്രുവരി 1 ന് മരണ വാറൻ്റിന് മുമ്പ് തന്നെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി അറിയിച്ചു. എന്നാൽ അക്ഷയും വിനയ് യും കുടുംബാംഗങ്ങളെ കാണാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചതായി അധികൃതര്‍ പറയുന്നു. അതേസമയം കഴിഞ്ഞ ദിവസം ജയിലിലെ ഭിത്തിയില്‍ തലയിടിപ്പിച്ച് വിനയ് സ്വയം മുറിവേല്‍പ്പിച്ചതിന്റെ വിവരവും ജയില്‍ അധികൃതര്‍ പങ്കുവെച്ചിട്ടുണ്ട്.

നിര്‍ഭയയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ പാട്യാല കോടതി തിങ്കളാഴ്ച ഏറ്റവും പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. 2012 ഡിസംബര്‍ 16 നായിരുന്നു ഇന്ത്യയെ ഞടുക്കിയ നിര്‍ഭയ കുട്ട ബലാത്സംഗക്കേസ് ഉണ്ടായത്. പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ 23 കാരിയെ ഓടുന്ന ബസിലിട്ട് ആറ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം നടത്തുകയായിരുന്നു. ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി പിന്നീട് സിംഗപ്പൂരിലെ ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്.