ഒടുവിൽ കൊറോണ വെെറസ് ആ ജീവനും കവർന്നു; നഷ്ടമായത് വിവാഹം പോലും മാറ്റിവെച്ച് സേവനത്തില്‍ മുഴുകിയ ഡോക്ടറുടെ ജീവൻ

single-img
22 February 2020

വുഹാൻ: കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനായി സ്വന്തം വിവാഹം പോലും നീട്ടിവച്ച യുവഡോക്ടർ അതേ വൈറസ് പിടിപ്പെട്ട് മരിച്ചു.കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലെ ഫസ്റ്റ് പീപ്പിൾസ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോ. പെങ് യിൻഹുവ (29) ആണു മരിച്ചത്. കോവിഡിനെതിരായ പോരാട്ടത്തിനിടെ ചൈനയിൽ മരിക്കുന്ന ഒൻപതാമത്തെ ആരോഗ്യപ്രവർത്തകനാണ് ഡോ. പെങ്.

കൊറോണ വൈറസ് ബാധയെ തുടർന്ന് ജനുവരി 25നാണ് പെങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനുവരിയിൽ ചൈനീസ് പുതുവത്സരാഘോഷസമയത്ത് വിവാഹിതനാകേണ്ടതായിരുന്നു ഡോക്ടർ.എന്നാൽ, കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരെ ശ്രുശൂഷിക്കുന്നതിനിടെ വിവാഹം കഴിക്കാൻ സാധിക്കില്ലെന്നും വിവാഹം നീട്ടിവയ്ക്കണമെന്നും പെങ് വധുവിന്റെ വീട്ടുകാരോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം വിവാഹം നീട്ടിവയ്ക്കുകയായിരുന്നു.

വിവാഹം ക്ഷണിക്കുന്നതിനായി കരുതിവച്ച ക്ഷണക്കത്തുകൾ പെങ്ങിന്റെ ഓഫീസിലെ മേശപ്പുറത്ത് തന്നെ ഇരിക്കുകയാണ്. അതൊന്ന് അയക്കാൻ പോലും അദ്ദേഹം തന്റെ ഡ്യൂട്ടിക്കിടെ മെനക്കെട്ടിരുന്നില്ലെന്നും തന്റെ കടമകളെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ള ഉത്തമനായ ഡോ‍ക്ടറാണ് പെങ് എന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.