ക്ഷേത്രങ്ങളിലെ സ്വർണ്ണം റിസർവ് ബാങ്കിലേക്ക്: കണക്കെടുപ്പ് ആരംഭിച്ചു

single-img
21 February 2020

ക്ഷേത്രങ്ങളിലെ സ്വർണവും വെള്ളിയും റിസർവ് ബാങ്കിൽ നിക്ഷേപിക്കാനുള്ള നിർണ്ണായക തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതിനുള്ള കണക്കെടുപ്പ് ആരംഭിച്ചു. നിത്യാവശ്യത്തിനൊഴികെയുള്ള സ്വർണവും വെള്ളിയുമാണ് ഇത്തരത്തിൽ നിക്ഷേപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 

തിരൂവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളിലെയും ഉരുപ്പടികളുടെ കണക്കെടുപ്പ് ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ 24 കിലോയോളം സ്വർണവും അത്രതന്നെ വെള്ളിയും നിക്ഷേപിക്കാനാവുമെന്നാണ് കരുതുന്നത്. വിലയുടെ രണ്ട് ശതമാനം പലിശയായി ദേവസ്വം ബോർഡിന് ലഭിക്കും.

ആദ്യഘട്ടത്തിൽ ചടങ്ങുകൾക്ക് ആവശ്യമുള്ളവ, അല്ലാത്തവ, പൗരാണിക മൂല്യമുള്ളത് എന്നിങ്ങനെ സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ച ഉരുപ്പടികൾ  വേർതിരിക്കും. ഇതിൽ നിന്ന് ക്ഷേത്രാവശ്യത്തിനു ഉപയോഗിക്കുന്നതും പൗരാണിക മൂല്യമുള്ളതുമായവ മാറ്റിയായിരിക്കും റിസർവ് ബാങ്കിന് കെെമാറുക. 

ക്ഷേത്രങ്ങളിലെ നിത്യാവശ്യത്തിനുപയോഗിക്കാത്ത സ്വർണമാണ് നിക്ഷേപിക്കുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു പറഞ്ഞു. ബോർഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഇത് കട്ടിയാക്കുന്നത്. ഗുരുവായൂർ ദേവസ്വം ഇത് പണ്ടു മുതലേ ചെയ്യുന്നതാണ്. സ്വർണവും വെള്ളിയും സുരക്ഷിതമായിരിക്കുകയും ചെയ്യും- അദ്ദേഹം വ്യക്തമാക്കി. 

കാണിക്കയായും നടവരവായും ലഭിച്ചവയാണ് ക്ഷേത്രാവശ്യത്തിന് ഉപയോഗിക്കാത്ത ഉരുപ്പടികളിലേറെയും. ഇവയെല്ലാം ഉരുക്കി സ്വർണക്കട്ടിയാക്കിയാണ് റിസർവ് ബാങ്കിൽ നിക്ഷേപിക്കുക. ഗുരുവായൂർ ദേവസ്വം ബോർഡ് ഇത്തരത്തിൽ ഉരുപ്പടികൾ റിസർവ് ബാങ്കിൽ നിക്ഷേപിക്കുന്നുണ്ട്.