മലക്കം മറിഞ്ഞ് സുന്നി സുന്നി വഖഫ് ബോര്‍ഡ്: മസ്ജിദ് പണിയാനായി അയോധ്യയിലെ അഞ്ചേക്കര്‍ ഭൂമി സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തൽ

single-img
21 February 2020

മസ്ജിദ് പണിയാനായി അയോധ്യയിലെ അഞ്ചേക്കര്‍ ഭൂമി സ്വീകരിച്ചെന്ന് സുന്നി വഖഫ് ബോര്‍ഡിൻ്റെ വെളിപ്പെടുത്തൽ. സുപ്രീംകോടതിയുടെ നിര്‍ദേശം അനുസരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുന്നി ബോര്‍ഡ് രംഗത്തെത്തിയത്. നേരത്തെ 2.77 ഏക്കര്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാന്‍ നല്‍കിയതിന് പകരമായി സ്ഥലം വേണ്ടെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചിരുന്നു.

മൂന്ന് മാസത്തിനുള്ളില്‍ പള്ളിക്കായി അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി നല്‍കണമെന്നായിരുന്നു കോടതി വിധി. അയോധ്യ കേസിലെ അന്തിമ വിധി വന്നതിനു പിന്നാലെ 2019 നവംബര്‍ 17 ന് ചേര്‍ന്ന മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് യോഗത്തിലാണ് ഭൂമി സ്വീകരിക്കേണ്ടതില്ലെന്ന് മുസ്ലീം വ്യക്തി ബോര്‍ഡ് തീരുമാനിച്ചിരുന്നത്. ബാബ്‌റി മസ്ജിദിന് പകരം മുസ്ലീം പള്ളി പണിയാന്‍ അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി യുപി സര്‍ക്കാര്‍ നേരത്തെ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചിരുന്നു. ഭൂമി അനുവദിച്ചുള്ള കത്ത് യുപി സര്‍ക്കാര്‍ സുന്നി വഖഫ് ബോര്‍ഡിന് കൈമാറുകയും ചെയ്തിരുന്നു.

കോടതി വിധിയെ സംബന്ധിച്ച് നീതി കിട്ടിയില്ലെന്നായിരുന്നു മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് അഭിപ്രായപ്പെട്ടത്. മസ്ജിദ് പൊളിച്ചു നീക്കിയ സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കാമെന്നും മുസ്ലീങ്ങള്‍ക്ക് പള്ളി നിര്‍മ്മിക്കാനായി അയോധ്യയില്‍ അഞ്ച് ഏക്കര്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നുമായിരുന്നു സുപ്രീംകോടതി അന്ന് വിധി പ്രസ്താവിച്ചത്.