‘ഉത്തരക്കടലാസില്‍ നൂറ് രൂപാ നോട്ട് വയ്ക്കുക,കോപ്പിയടി പിടിച്ചാലും ഭയപ്പെടേണ്ട കാര്യമില്ല’; ‘വിലയേറിയ’ ഉപദേശം നല്‍കിയ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

single-img
21 February 2020

ലക്നൗ: വിദ്യാഭ്യാസത്തിനും അധ്യാപകർക്കും കളങ്കമാകുന്ന ‘വിലയേറിയ’ കുറുക്കു വഴികൾ വിദ്യാർത്ഥികൾക്ക് ഉപദേശിച്ചു നൽകിയ പ്രിൻസിപ്പൽ അറസ്റ്റിൽ. ബോർഡ് പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കാന്‍ ചെയ്യേണ്ട കുറുക്കുവഴികളാണ് പ്രിന്‍സിപ്പല്‍ വിദ്യാർത്ഥികൾക്ക് നിർദ്ദേശിച്ചത്. ഉത്തര്‍ പ്രദേശിലെ ബോര്‍ഡ് പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കാനായി കോപ്പിയടിക്കാനും ഉത്തരപേപ്പറിൽ പണം വയ്ക്കാനും നിർദ്ദേശിച്ച പ്രിന്‍സിപ്പലും മാനേജരുമായ പ്രവീണ്‍ മാളിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഉത്തര്‍ പ്രദേശിലെ മൗ ജില്ലയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. തന്‍റെ സ്കൂളിലെ ഒരു കുട്ടി പോലും തോല്‍ക്കില്ല. ഇവര്‍ക്ക് ഭയപ്പെടേണ്ട കാര്യമില്ലെന്നും പ്രവീണ്‍ മാള്‍ പറയുന്നു. പരീക്ഷ എഴുതുമ്പോള്‍ നിങ്ങള്‍ക്ക് പരസ്പരം സംസാരിക്കാം, പക്ഷേ അടുത്തിരിക്കുന്ന ആളെ സ്പര്‍ശിക്കരുത്. സംസാരിച്ചുകൊണ്ട് പരീക്ഷ എഴുതുന്നതില്‍ ഭയപ്പെടേണ്ട. സര്‍ക്കാര്‍ സ്കൂളില്‍ നിന്നു ഇന്‍വിജിലേറ്റര്‍മാരായി എത്തുന്നവര്‍ തന്‍റെ സുഹൃത്തുക്കളാണ്. ആരെങ്കിലും കോപ്പിയടിക്കുന്നത് പിടിച്ച് നിങ്ങള്‍ക്ക് രണ്ട് അടി തന്നാലും ഭയപ്പെടേണ്ട കാര്യമില്ല. അത് സഹിച്ചാല്‍ മതിയെന്നും വിവാദമായ ഉപദേശത്തില്‍ പ്രവീണ്‍ മാള്‍ പറയുന്നു.

അവസാന പരീക്ഷകള്‍ക്ക് മുന്നോടിയായി വിളിച്ച യോഗത്തിനിടയിലാണ് പ്രിന്‍സിപ്പൾ വിലയേറിയ ഉപദേശം വിദ്യാർത്ഥികൾക്ക് നൽകിയത് . രക്ഷിതാക്കള്‍ കൂടി സന്നിഹിതരായിട്ടുള്ള വേദിയിലാണ് കോപ്പിയടിക്കുന്നതിനും ഉത്തരക്കടലാസില്‍ കറന്‍സി നോട്ട് നല്‍കുന്നതിനുമുളള നിര്‍ദേശം പ്രിന്‍സിപ്പല്‍ നല്‍കുന്നത്. ഉത്തരക്കടലാസില്‍ നൂറ് രൂപാ നോട്ട് വയ്ക്കുക. ഇത് വീണുപോകാതെ എങ്ങനെ വയ്ക്കണമെന്നും പ്രിന്‍സിപ്പല്‍ വിശദമാക്കുന്നുണ്ട്. പരീക്ഷാ ഹാളില്‍ കര്‍ശനമായ രീതിയില്‍ നിരീക്ഷണം നടക്കുന്നതിന് ഇടയില്‍ കോപ്പിയടിക്കുന്നതിനേക്കുറിച്ചും പ്രവീണ്‍ മാള്‍ നിര്‍ദേശം നല്‍കുന്നുണ്ട്. വിദ്യാര്‍ഥികള്‍ എടുത്ത വീഡിയോ പുറത്ത് വന്നതോടെയാണ് പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തത്.

ഒരുചോദ്യം പോലും ഉത്തരമെഴുതാതെ വിടരുത്. നൂറ് രൂപ നോട്ട് ഉത്തരക്കടലാസിനൊപ്പം വക്കുകയാണെങ്കില്‍ അധ്യാപകര്‍ കണ്ണടച്ച് മാര്‍ക്ക് നല്‍കുമെന്നും പ്രവീണ്‍ മാള്‍ പറയുന്നു. പ്രിന്‍സിപ്പലിന്‍റെ ഉപദേശം ശരിയാണെന്നും വിദ്യാര്‍ഥികളില്‍ ചിലര്‍ പ്രതികരിക്കുന്നതായും വീഡിയോയില്‍ കാണാന്‍ കഴിയും. 56 ലക്ഷം വിദ്യാര്‍ഥികളാണ് 10, 12 ക്ലാസുകളിലായി ഉത്തര്‍ പ്രദേശില്‍ ബോര്‍ഡ് പരീക്ഷയ്ക്കായി ഒരുങ്ങുന്നത്.