‘രാത്രിയായാൽ വീഡിയോ കോളില്‍ ശരീര ഭാഗങ്ങള്‍ കാണണമെന്ന് ആവശ്യപ്പെടും’; ബിഷപ്പിനെതിരെ കന്യാസ്ത്രീ

single-img
21 February 2020

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മൂളയ്ക്കല്‍ രാത്രിയാകുമ്പോൾ വീഡിയോ കോളില്‍വന്ന് ശരീരഭാഗങ്ങള്‍ കാണണമെന്ന് ആവശ്യപ്പെടാറുണ്ടെന്ന് കന്യാസ്ത്രീയുടെ വെളിപ്പെടുത്തല്‍. ബിഷപ് വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നും മഠത്തിൽ വെച്ച് ബലമായി ചുംബിച്ചെന്നും മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് പോലീസിന് മൊഴിനല്‍കിയിരിക്കുന്നത്. ബിഷപ്പിനെതിരായ ബലാത്സംഗ കേസിലെ 14 ാം സാക്ഷിയാണ് ഇവര്‍.

2015-17 കാലയളവിൽ കേരളത്തിനു പുറത്ത് സേവനമനുഷ്ഠിക്കവെ ബിഷപ്പുമായി സൗഹൃദമുണ്ടായിരുന്നു. ഇത് മറയാക്കിയാണ് ഫ്രാങ്കോ മുളയക്കൽ ഫോൺ ചെയ്യാൻ ആരംഭിച്ചത്. രാത്രി സ്വന്തം ശരീര ഭാഗങ്ങൾ കാണിച്ചു കൊണ്ടാകും വിഡിയോ കോൾ. അതുപോലെ തിരിച്ചും കാണിക്കാൻ ആവശ്യപ്പെടും. കന്യാസ്ത്രീയുടെ മൊഴിയിൽ പറയുന്നു.

എന്നാല്‍ ബിഷപ്പിന്റെ ലൈംഗിച്ചുവയോടെയുള്ള സംസാരം താൻ വിലക്കി. പിന്നീട് കേരളത്തിലെ മറ്റൊരു മഠത്തിലേയ്ക്ക് തന്നെ മാറ്റി. ഇവിടെ സഹായിയോടൊപ്പം എത്തിയ ഫ്രാങ്കോ രാത്രിയിൽ തന്നെ മുറിയിലേക്ക് വിളിപ്പിച്ചു. സംസാരത്തിനു ശേഷം പോകാനൊരുങ്ങിയ തന്നെ ബലമായി കയറിപ്പിടിച്ച് ചുംബിച്ചു. ബിഷപ്പിന്റെ സ്വാധീനത്തെ കുറിച്ച് അറിയാവുന്നതു കൊണ്ട് പേടിച്ചാണ് സംഭവം പുറത്ത് പറയാതിരുന്നത്. മൊഴിയില്‍ പറയുന്നു.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയായ ബലാത്സംഗക്കേസിൻ്റെ അന്വേഷണ സംഘത്തോടാണ് മറ്റൊരു കന്യാസ്ത്രീ സ്വന്തം ദുരനുഭവം വിവരിച്ച് മൊഴിനല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ മൊഴിയേതുടര്‍ന്ന് ബിഷപ്പിനെതിരെ മറ്റൊരു കേസ് കൂടെ എടുക്കാമായിരുന്നിട്ടും പോലീസ് അതു ചെയ്തില്ലെന്ന് ആരോപണമുണ്ട്.
കേസുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് കന്യാസ്ത്രീ അറിയിച്ചതുകൊണ്ടാണ് കേസ് എടുക്കാത്തതെന്നാണ് പൊലീസ് ഭാഷ്യം. സംഭവത്തിൽ സ്വമേധയാ കേസെടുക്കണമെന്നും പ്രത്യേക എഫ്ഐആർ ഇടണമെന്നും സേവ് ഔർ സിസ്റ്റേഴ്സ് ഫോറം ആവശ്യപ്പെട്ടു.