എതിര്‍പ്പ് രേഖപ്പെടുത്തുന്നവരെ കൊല്ലുന്നവരോട് മുട്ടുമടക്കാന്‍ തീരുമാനിച്ചിട്ടില്ല: മാമുക്കോയ

single-img
21 February 2020

കോഴിക്കോട്: കേന്ദ്രസർക്കാരിനെതിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും രൂക്ഷഭാഷയിൽ പ്രതികരിച്ച് നടന്‍ മാമുക്കോയ. മുസ്‍ലിം യൂത്ത് ലീസ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ഷഹീന്‍ ബാഗ് സ്ക്വയറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസ്റ്റുകള്‍ക്ക് മുന്നില്‍ അഡ്‍ജസ്റ്റ്മെന്‍റ് ജീവിതത്തിന് ഞാൻ തയ്യാറല്ല , ജീവനെ ഭയപ്പെടുന്നവരാണ് ഫാസിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കുന്നത്. എതിര്‍പ്പ് രേഖപ്പെടുത്തുന്നവരെ അവര്‍ കൊല്ലുകയാണ്. ഇത്തരത്തില്‍ എഴുത്തുകാരെയും കലാകാരന്മാരെയും അവര്‍ ഭീഷണിപ്പെടുത്തുന്നു. തനിക്കും ഭീഷണികള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ മുട്ടുമടക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മാമുക്കോയ പറഞ്ഞു.

Support Evartha to Save Independent journalism

നേരത്തെ കോഴിക്കോട് നഗരത്തില്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സംഗമത്തിലും കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ മാമുക്കോയ ശക്തമായി പ്രതികരിച്ചിരുന്നു. ഇന്ത്യയിലെ റോഡുകളുടെയും സ്ട്രീറ്റുകളുടെയും പേരുമാറ്റിയാണ് ഇവര്‍ തുടങ്ങിയത്. എന്റെ ബാപ്പയുടെ ബാപ്പയുടെ കാലം മുതല്‍ ഞങ്ങളിവിടെ ജീവിക്കുന്നുണ്ട്. ഇനിയും ഇവിടെ തന്നെ തുടരും. സ്ഥലം ഒരുത്തന്റേയും കുത്തകയല്ല. തലപോകാന്‍ നില്‍ക്കുമ്പോള്‍ കയ്യിന്റെയും വിരലിന്റെയും കാര്യം ആലോചിച്ചു ഭയന്നിട്ടു കാര്യമില്ലെന്നാണ് മാമുക്കോയ അന്ന് പറഞ്ഞത്.