നെയ്മർ ബാർസയിലേക്കു തിരിച്ചുവരണം; ലയണൽ മെസ്സി

single-img
21 February 2020

മഡ്രിഡ് : കുറച്ചു നാളുകളായി സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ ബാർസിലോനയിൽ ആഭ്യന്തര പ്രശ്നങ്ങൾ പുകയുകയാണ്. ലയണൽ മെസ്സി ഉൾപ്പെടെയുള്ള ടീമിലെ പ്രധാന താരങ്ങളെ വിമർശിക്കാൻ ഏജൻ‌സിയെ വാടകയ്ക്കെടുത്തുവെന്ന ആരോപണങ്ങൾ പുറത്തു വന്നിരുന്നു. എന്നാൽ ഈ വിഷയത്തിൽ പ്രതികരണം അറിയിച്ച് സൂപ്പർ താരം മെസ്സി തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. താൻ ഉൾപ്പെടുന്ന പ്രധാന താരങ്ങൾക്കെതിരെ മോശം വാർത്തകൾ പ്രചരിപ്പിക്കാൻ ബാർസിലോന ക്ലബ്, ഏജൻസിയെ നിയോഗിച്ചുവെന്ന വാർത്തയോടു കേൾക്കുന്ന വാർത്തകൾ വിചിത്രമാണെന്നാണു മെസ്സി പ്രതികരിച്ചത്. ആരോപണങ്ങളുടെ സത്യാവസ്ഥ അറിയാൻ കാത്തിരിക്കേണ്ടി വരുമെന്നും അർജന്റീന താരം പറഞ്ഞു. എന്നാൽ ആരോപണങ്ങളെല്ലാം ബാർസിലോന ശക്തമായി തന്നെ നിഷേധിച്ചു കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു.

ബ്രസീലിയൻ താരം നെയ്മർ ബാർസയിലേക്കു തിരിച്ചുവരണമെന്നാണു തന്റെ താൽപര്യമെന്നും മെസ്സി പറഞ്ഞു. 2017-ല്‍ ബാഴ്സലോണയില്‍ നിന്ന് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിലേക്ക് നെയ്മർ കൂടുമാറിയിരുന്നു.പി.എസ്.ജിയിലേക്ക് ലോകറെക്കോഡ് തുകയായ 222 മില്യണ്‍ യൂറോക്കാണ്(1755 കോടി രൂപ) ബാഴ്‌സലോണയില്‍ നിന്നും നെയ്മര്‍ പോയത്. ക്ലബ് വിട്ടശേഷവും ബാഴ്‌സലോണ അധികൃതരുമായി നല്ല ബന്ധം നെയ്മര്‍ സൂക്ഷിക്കുന്നുണ്ട്.ലയണല്‍ മെസിയുടെ സ്വാഭാവിക പകരക്കാരനായാണ് നെയ്മറെ ബാഴ്‌സലോണ അധികൃതര്‍ വിലയിരുത്തുന്നത്. അതു കൊണ്ട് തന്നെ ബാർസയിലേക്കുള്ള നെയ്മറുടെ മടങ്ങി വരവ് ഉടനല്ലെങ്കിലും സമീപകാലത്ത് തന്നെ നടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഇന്റർ മിലാന്റെ അർജന്റീന താരം ലൗതാരോ മാർട്ടിനെസിനെ ബാർസ ടീമിലെടുക്കുന്നത് നന്നായിരിക്കുമെന്നും മെസ്സി അഭിപ്രായപ്പെട്ടു. ലൂയി സ്വാരെസിനെപ്പോലെ സ്ട്രൈക്കിങ് മികവുകളുള്ള കളിക്കാരനാണു ലൗതാരോ എന്നായിരുന്നു മെസ്സിയുടെ വിലയിരുത്തൽ.