അച്ചടിയെ വെല്ലുന്ന കെെപ്പട: ഇത് ഗ്രന്ഥകാരൻ്റെ കെെപ്പടയിൽ തയ്യാറാക്കിയ മലയാളത്തിലെ ആദ്യത്തെ പുസ്തകം

single-img
21 February 2020

നിലവിലുള്ളതും നഷ്ടപ്പെട്ടതുമായ നാട്ടുമൊഴികളുടെ വിപുലമായ ഒരു നിഘണ്ടു. ഓരോ താളുകളിലും കാണാം മലയാളത്തിന്റെ ചന്തവും സംസ്കാരവും വൈവിധ്യവും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ 463 പേജുള്ള ഈ പുസ്തകത്തിൻ്റെ പ്രധാന പ്രത്യേകത ഇതൊന്നുമില്ല. ഇതിലെ ഒാരോ പേജുകളും തയ്യാറാക്കിയിരിക്കുന്നത് ഗ്രന്ഥകർത്താവിൻ്റെ സ്വന്തം കെെപ്പടയിലാണ്. അതേ, അച്ചടിയെ തോൽപ്പിക്കുന്ന കെെപ്പടയിൽ സാഹിത്യ, സാംസ്കാരിക, നാടകരംഗത്തെ നിറസാന്നിധ്യമായ നെടുമങ്ങാട് വേങ്കവിള രാഗത്തില്‍ വട്ടപ്പറമ്പില്‍ പീതാംബരൻ എഴുതിയ പുസ്തകം ഒരത്ഭുതം തന്നെയാണ്. 

‘നാട്ടുമൊഴിച്ചന്തം’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ പുറംചട്ടയും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലോഗോയും ഒഴിച്ചുള്ള മറ്റെല്ലാം ഗ്രന്ഥകാരന്റെ കൈയെഴുത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. കാലഹരണപ്പെട്ടുപോയ മലയാളത്തിൻ്റെ നാട്ടുമൊഴികളും അവയുടെ അര്‍ഥങ്ങളുമാണ് ഈ പുസ്തകത്തിലൂടെ പുതു തലമുറയെ പരിചയപ്പെടുത്തുന്നത്. കേരളത്തിന്റെ വടക്കേ അറ്റംമുതല്‍ തെക്കേ അറ്റംവരെയുള്ള മലയാളികളുടെ പതിനയ്യായിരത്തില്‍പ്പരം നാട്ടുമൊഴികളും അവയുടെ അര്‍ഥങ്ങളും ഈ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. 

പദങ്ങളുടെ അനുയോജ്യമായ അര്‍ഥങ്ങളും പ്രചാരത്തിലുള്ള പദാനുബന്ധ വാക്യങ്ങളും ഗ്രന്ഥകാരൻ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.  ഗ്രന്ഥകാരൻ്റെ കൈപ്പടയില്‍ അച്ചടിച്ച മലയാളത്തിലെ ആദ്യപുസ്തകം എന്ന പ്രത്യേകതയും ഈ ഗ്രന്ഥത്തിനുണ്ട്. 

ഈ ഗ്രന്ഥം ഈ വിധം പുറത്തുവരുന്നതിനു പിന്നില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വി കാര്‍ത്തികേയന്‍നായരുടെ ഉദ്യമങ്ങളാണ്. നാട്ടുമൊഴി നിഘണ്ടു പ്രസിദ്ധീകരിക്കുക എന്നതായിരുന്നു കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആദ്യം തീരുമാനം എടുത്തിരുന്നത്. അതനുസരിച്ച് നിരവധി നാളത്തെ പ്രയത്നഫലമായ ഗവേഷണങ്ങളിലുടെ ഗ്രന്ഥകാരൻ പുസ്തകം എഴുതി നൽകുകയായിരുന്നു. എഴുതി തയ്യാറാക്കി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഏല്‍പ്പിച്ച കെെയെഴുത്തു പ്രതി കണ്ട് ഇങ്ങനെ പുസ്തകം പ്രസിദ്ധീകരിച്ചാൽ മതിയെന്ന് ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിക്കുകയായിരുന്നു. ഇതിനായി കാര്‍ത്തികേയന്‍നായര്‍ ഗ്രന്ഥകാരൻ്റെ അനുവാദവും വാങ്ങി. 

നാടകകൃത്ത്, നടന്‍, സംവിധായകന്‍, പ്രഭാഷകന്‍, സാഹിത്യ പ്രവര്‍ത്തകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ ഏറെ ശ്രദ്ധേയനാണ് പീതാംബരന്‍. കോലിയക്കോട് ഗവ. യുപിഎസിൽ നിന്നും 1993ല്‍ യുപി സ്കൂള്‍ ഹെഡ് മാസ്റ്ററായി വിരമിച്ച പീതാംബരനെ തേടി നാടക രചനയ്ക്കും അഭിനയത്തിനും അനവധി പുരസ്കാരങ്ങൾ എത്തിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ 21-ാമത്തെ പുസ്തകമാണ് നാട്ടുമൊഴിച്ചന്തം. 

മലയാളത്തിലെ ആദ്യ നാടക വിജ്ഞാന കോശവും വട്ടപ്പറമ്പിലിന്റെ വകയാണ്. ‘നാട്ടുമൊഴിച്ചന്ത’ത്തിനുള്ള പദങ്ങൾക്കായി മൂന്നുവർഷം അലഞ്ഞെങ്കിലും അത് എഴുതി തയ്യാറാക്കുവാൻ മൂന്നാഴ്ചയേ വേണ്ടിവന്നുള്ളുവെന്ന് ഗ്രന്ഥകാരൻ വ്യക്തമാക്കുന്നു.