കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നു

single-img
21 February 2020

കൊച്ചി: തമ്മിലടി രൂക്ഷമായ കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ഔദ്യോഗികമായി പിളര്‍ന്നു. ജോണി നെല്ലൂര്‍ വിഭാഗം കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ലയിക്കാന്‍ തീരുമാനിച്ചു. അനൂപ് ജേക്കബിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തകരും ജോണിനെല്ലൂരിന്റെ നേതൃത്വത്തിലുള്ള മറ്റൊരു വിഭാഗവും വേവ്വെറെ യോഗങ്ങള്‍ ചേര്‍ന്നിരുന്നു. ഇതിന് ശേഷമാണ് ജേക്കബ് വിഭാഗത്തില്‍ നിന്ന് വിട്ടുപോകുന്ന കാര്യം ജോണി നെല്ലൂര്‍ വിഭാഗം വ്യക്തമാക്കിയത്.

അതേസമയം പാര്‍ട്ടി പിളര്‍ന്നില്ലെന്നും ഒരു വിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടതാണെന്നും ന്യായീകരിച്ച് അനൂപ് ജേക്കബ് രംഗത്തെത്തി. കുട്ടനാട് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങളും തമ്മിലടിയും മുറുകിയിരിക്കുകയായിരുന്നു. ജോണി നെല്ലൂരിനെതിരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് നടപടിയെടുക്കുമെന്ന് അനൂപ് ജേക്കബ് പ്രതികരിച്ചു. അതേസമയം അനൂപ് ജേക്കബ് പാര്‍ട്ടിയെ പിളര്‍ത്തിയെന്ന് ജോണിനെല്ലൂര്‍ ആരോപിച്ചു.