കുഞ്ഞിനെ തിരയാൻ ആദ്യം മുന്നിട്ടിറങ്ങിയത് ശരണ്യ: കടലിലേക്കെറിഞ്ഞ് കുഞ്ഞിനെ കൊന്ന ശരണ്യയെ കുടുക്കിയതും കടൽ

single-img
21 February 2020

കടല്‍ത്തീരത്തെ കരിങ്കല്ലുകള്‍ക്കിടയിൽ കുഞ്ഞിനെ എറിഞ്ഞുകൊലപ്പെടുത്തിയ ശരണ്യയുടെ പ്രവർത്തികൾ ആസൂത്രിതമായിരുന്നുവെന്ന് പൊലീസ്. കുഞ്ഞിനെ കൊലപ്പെടുത്തിയതു ശരണ്യ ഒറ്റയ്ക്കാണെന്നും പൊലീസ് പറഞ്ഞു. കൊല നടത്താനോ ആസൂത്രണത്തിനോ ഭര്‍ത്താവ് പ്രണവോ കാമുകനോ ഇടപെട്ടിട്ടില്ല. ഇവർക്ക് കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും സിറ്റി സി.ഐ: പി.ആര്‍. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഭർത്താവിനേയും കാമുകനേയും ചോദ്യം ചെയ്തശേഷം പൊലീസ് വിട്ടയക്കുകയായിരുന്നു. ആദ്യം പോലീസിന്റെ സംശയവും കുഞ്ഞിന്റെ പിതാവായ പ്രണവിനു നേര്‍ക്കായായിരുന്നു. കുഞ്ഞിനെ കാണാതായപിന്നാലെ പ്രണവിൻ്റെ ചെരിപ്പുകള്‍ കാണാതായതും സംശയം ഇരട്ടിപ്പിച്ചു. കുഞ്ഞിനെ അപായപ്പെടുത്താനുള്ള ശ്രമത്തിനിടെ പ്രണവിൻ്റെ ചെരുപ്പുകള്‍ കടലിലോ മറ്റോ പോയതാവുമെന്നും സംശയിച്ചു. എന്നാല്‍, കുഞ്ഞിനെ കാണാതായ വിവരമറിഞ്ഞു വീട്ടില്‍ പലരും വന്നു പോയതിനിടെ ചെരിപ്പു കാണാതെ പോയതാണെന്നു പിന്നീടു ബോധ്യപ്പെടുകയായിരുന്നു. 

തുടർന്ന് പൊലീസ് മാതാപിതാക്കളില്‍ അന്വേഷണം കേന്ദ്രീകരിക്കുകയായിരുന്നു. കൊലപാതകശേഷം വീട്ടിലെ ഹാളില്‍ കിടന്നുറങ്ങിയ ശരണ്യ മറ്റുള്ളവര്‍ക്കൊപ്പം കുഞ്ഞിനെ തെരയാനും ഇറങ്ങിയിരുന്നു. കുഞ്ഞിനെ എറിഞ്ഞസ്ഥലത്തെ തെരച്ചില്‍ ശരണ്യ സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. 

ഭാര്യയും കുഞ്ഞുമായുള്ള അകല്‍ച്ച, ഇടയ്ക്കിടെയുള്ള വഴക്ക്, മൂന്നുമാസത്തിനുശേഷം വീട്ടിലേക്കു യാദൃച്ഛികമായുള്ള വരവിന്റെ പേരിലായിരുന്നു ശരണ്യയുടെ ബന്ധുക്കളും പോലീസും ആദ്യഘട്ടത്തില്‍ പ്രണവിനെ സംശയിച്ചത്. എന്നാൽ കുഞ്ഞ് ഇല്ലാതായാല്‍ ആര്‍ക്കാണു ഗുണം എന്ന അന്വേഷണത്തിലാണ് പോലീസിന് ശരണ്യയിലേക്കെത്താനുള്ള തുമ്പു ലഭിച്ചത്.

ഇത്രയും നാള്‍ അമ്മയ്‌ക്കൊപ്പമാണു കുഞ്ഞു കഴിഞ്ഞിരുന്നത് എന്നതിനാല്‍ ആദ്യഘട്ടത്തില്‍ ശരണ്യയെ പൊലീസ് സംശയിച്ചില്ല. ശരണ്യയുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴി മുഴുവന്‍ പ്രണവിനെതിരായിരുന്നു. പ്രണവിന്റെ തലയില്‍ കൊലക്കുറ്റം കെട്ടിവയ്ക്കാന്‍ ശരണ്യയും കൃത്യമായ മുന്നൊരുക്കത്തോടെ മൊഴി നല്‍കിയെങ്കിലും പോലീസ് ശരണ്യയ്‌ക്കെതിരായ പ്രണവിൻ്റെ മൊഴി തള്ളിക്കളഞ്ഞില്ല. അതുതന്നെയാണ് കേസ് തെളിയാനുള്ള പ്രധാന കാരണവും. 

ശരണ്യ താമസിക്കുന്ന വീട്ടിൽ ശരണ്യയുടെ അമ്മ, സഹോദരന്റെ ഭാര്യ എന്നിവരാണ് ഉണ്ടായിരുന്നത്. രക്ഷിതാക്കളുടെ കൂടെ കിടന്നുറങ്ങിയ പിഞ്ചുകുഞ്ഞ് ഇവരറിയാതെ എവിടേക്കും പോകില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ആദ്യംമുതലേ അന്വേഷണ ഉദ്യോഗസ്ഥര്‍. പ്രണവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശരണ്യയുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിലേക്ക് അന്വേഷണ ഘട്ടമെത്തിയപ്പോഴാണ് ഒരേ നമ്പറിലേക്ക് അസമയത്ത് ഒട്ടേറെ വിളികളും ചാറ്റുകളും കണ്ടെത്തിയാത്. ഇതോടെ ഒരു കാമുകൻ്റെ സാന്നിധ്യം പൊലീസ് ഉറപ്പിക്കുകയായിരുന്നു. 

അതോടെ അന്വേഷണത്തിൻ്റെ ഗതിമാറ്റിയ പൊലീസ് അന്വേഷണം വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു. കുഞ്ഞുമായി കടൽത്തീരത്തെത്തിയത് ആരായാലും അയാളുടെ വസ്ത്രത്തിലോ ദേഹത്തോ ഉപ്പുവെള്ളം പറ്റിയിട്ടുണ്ടാകുമെന്നു പോലീസ് കണക്കുകൂട്ടി. ഇരുവരും രാവിലെ ധരിച്ചിരുന്ന വസ്ത്രങ്ങളും ചെരിപ്പുകളും കണ്ണൂര്‍ റീജണല്‍ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം ശരണ്യയ്ക്ക് എതിരായതോടെയാണ് പോലീസിന് കേസ് തീർപ്പിലേക്ക് എത്തിയത്. 

ഒരർത്ഥത്തിൽ കുഞ്ഞിനെ കടലിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ ശരണ്യയെ സകുടുക്കിയത് കടൽ തന്നെയായിരുന്നു.