ബിജെപി ഭരിക്കുന്ന ഹരിയാനയിൽ ബാറുകൾ ഇനിമുതൽ പുലര്‍ച്ചെ ഒരു മണി വരെ തുറക്കും: ബിയർ 40 രൂപയ്ക്ക് ലഭിക്കും

single-img
21 February 2020

ബിജെപി ഭരിക്കുന്ന ഹരിയാനയില്‍ ബാറുകള്‍ ഇനി പുലര്‍ച്ചെ ഒരു മണി വരെ തുറക്കും. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മദ്യനയത്തിലാണ് ഈ  തീരുമാനം. കൂടാതെ ബിയറിൻ്റെയും വൈനിൻ്റെയും വില സര്‍ക്കാര്‍ കുത്തനെ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. 

പുതിയ മദ്യ നയത്തിൽ മദ്യം വിളമ്പുന്ന ഹോട്ടലുകളുടെയും റെസ്‌റ്റോറൻ്റുകളുടെയും ലൈസന്‍സ് ഫീസില്‍ ഇളവുവരുത്തുകയും ചെയ്തിട്ടുണ്ട്. എക്‌സൈസ് വകുപ്പിൻ്റെ ചുമതല വഹിക്കുന്ന ഉഫമുഖ്യമന്ത്രി ദുഷ്യന്ത് ചൗതാലയാണ് പുതിയ മദ്യനയം അവതരിപ്പിച്ചത്. ഇതിന് മനോഹര്‍ ലാല്‍ ഖട്ടാറുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അംഗീകാരം നല്‍കിക്കഴിഞ്ഞു. 

സംസ്ഥാനത്ത് നിലവില്‍ 11 മണിവരെയാണ് നഗരങ്ങളിലെ ബാറുകളുടെ പ്രവര്‍ത്തനസമയം. ഇത് രണ്ട് മണിക്കൂര്‍കൂടി നീട്ടി പുലര്‍ച്ചെ ഒരു മണിവരെയാക്കി. ഇതിനായി ബാറുടമകള്‍ മണിക്കൂറിന് 10 ലക്ഷം രൂപ അധിക വാര്‍ഷിക ലൈസന്‍സ് ഫീസ് അടയ്ക്കണം. പുതിയ തീരുമാനത്തോടെ, ഗുരുഗ്രാമിലെയും ഫരീദാബാദിലെയും പാഞ്ച്ഗുളയിലെയും ബാറുകള്‍ ഇനിമുതല്‍ പുലര്‍ച്ചെ ഒരു മണി തുറക്കുമെന്നാണ് വിവരം. 

ഏപ്രിൽ ഒന്നിന് പുതിയ നിയമം പ്രാബല്യത്തില്‍ വരും. എല്ലാത്തരം മദ്യത്തിൻ്റെയും എക്‌സൈസ് ഡ്യൂട്ടിയിലും ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബിയറിന്റെ എക്‌സൈസ് ഡ്യൂട്ടിയില്‍ ലിറ്ററിന് 10 രൂപയാണ് കുറവ് വരുത്തിയത്. 3.5 മുതല്‍ 5.5 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള ബിയറിന് ലിറ്ററിന് 50 രൂപയായിരുന്നത് ഇനിമുതല്‍ 40 രൂപയായി കുറയും. നമ്പര്‍ വണ്‍ കാറ്റഗറിയിലുള്ള മദ്യത്തിന്റെ എക്‌സൈസ് തീരുവ 44 രൂപയില്‍ നിന്നും 60 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.

അതേസമയം ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. എക്‌സൈസ് തീരുവയിലെ മാറ്റങ്ങള്‍ വഴി ഈ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ 7500 കോടിയാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി ചൗതാല വ്യക്തമാക്കി.