കൊറോണ: ചെെനയിൽ നിന്നും നാട്ടിലെത്തിയവർക്കെതിരെ സ്വന്തം നാട്ടുകാരുടെ കല്ലേറ്

single-img
21 February 2020

കൊറോണ വൈറസ് ബാധിത നഗരമായ ചൈനയിലെ വുഹാനിൽ നിന്ന് സ്വന്തം നാട്ടിലെത്തിയവർക്കെതിരെ സ്വന്തം നട്ടുകാരുടെ കല്ലേറ്. യുക്രയിനിലാണ് വുഹാനില്‍ നിന്ന് തിരിച്ചെത്തിയവരെ കൊണ്ടുപോകുന്ന ബസ്സിന് നേരെ കല്ലേറ് ഉണ്ടായത്. റോഡില്‍ ടയറുകള്‍ കത്തിച്ച് തടസ്സം സൃഷ്ടിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. 

അക്രമം കാണിക്കുന്ന നാട്ടുകാരെ തടയാന്‍ പോലീസ് ഇറങ്ങിയതോടെ പ്രദേശത്ത് സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റുവെന്നും റിപ്പോർട്ടുകളുണ്ട്. വുഹാനില്‍ നിന്ന് വന്നവരെ നിരീക്ഷണത്തില്‍ സൂക്ഷിക്കുന്നതിനായി പ്രത്യേക കേന്ദ്രത്തിലേക്ക് കൊണ്ടുപോകുമ്പോഴാണ് നാട്ടുകാര്‍ തടഞ്ഞതും കല്ലെറിഞ്ഞതും. 

മധ്യ യുക്രെയിനിലെ പൊള്‍ട്ടാവയിലെ നോവി സാന്‍ചറിയിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്കാണ് വൈറസ് ബാധിത മേഖലകളില്‍ നിന്ന് വന്നവരെ കൊണ്ടുപോയത്. ഡസന്‍കണക്കിന് ഗ്രാമവാസികളാണ് റോഡ് തടസ്സപ്പെടുത്താനെത്തിയത്. വുഹാനില്‍ നിന്ന് വന്നവരെ ഗ്രാമത്തില്‍ താമസിപ്പിക്കരുതെന്നായിരുന്നു അവരുടെ ആവശ്യം.

പൊലീസെത്തി തടസ്സം നീക്കിയ ശേഷമാണ് ബസ് കടന്നുപോയത്. നിരവധി നാട്ടുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് പ്രാദേശിക ആരോഗ്യ കേന്ദ്രത്തിന് മുന്നില്‍ ഒത്തുകൂടിയ നാട്ടുകാര്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു. ആശുപത്രിയുടെ ജനാലകള്‍ ഉള്‍പ്പെടെ കല്ലേറില്‍ തകര്‍ന്നു. നിയമം ലംഘിച്ചുകൊണ്ടുള്ള പ്രതിഷേധം അനുവദിക്കില്ലെന്നും കുറ്റം ചെയ്യുന്നവരെ പോലീസ് തടയുമെന്നും പോലീസ് മേധാവി ഇവാര്‍ വ്യോഗോവ്‌സ്‌കി അറിയിച്ചു.